സൈനിക ഹെലികോപ്റ്റര്‍ അപകടം; മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. രാത്രിയോടെ ആണ് ശേഷിക്കുന്ന നാല് പേരുടെയും ഡിഎന്‍എ പരിശോധന ഫലം ലഭിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഭാഗമാകുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തില്‍ കൊല്ലപ്പെട്ട 13 പേരില്‍ നാല് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ ഉണ്ടായിരുന്നത്. രാത്രി പത്ത് മണിയോടെ ആണ് ഇവരുടെ ഡിഎന്‍എ പരിശോധന ഫലങ്ങള്‍ പുറത്ത് വന്നത്. ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹവില്‍ദാര്‍ സത്പാല്‍ റായ്, ലാന്‍സ് നായിക് ഗുര്‍സേവക് സിംഗ്, ലാന്‍സ് നായിക് ജിതേന്ദ്ര കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പൂര്‍ണ സൈനിക ബഹുമതിയോടെയാകും ഇവര്‍ക്കും രാജ്യം യാത്രാമൊഴി നല്‍കുക. ഇന്നലെ ജന്മ നാടുകളില്‍ എത്തിച്ച മലയാളി പ്രദീപ് ദാസ് ഉള്‍പ്പടെയുള്ള സൈനികരുടെ സംസ്‌കാര ചടങ്ങുകളും പൂര്‍ണ സൈനിക ബഹുമതിയോടെയാണ് നടന്നത്.

അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയാണ്. വ്യക്തമായ അപകട കാരണം കണ്ടെത്താന്‍ ഡാറ്റാ റെക്കോര്‍ഡറിന്റെ പരിശോധനാ ഫലം പുറത്ത് വന്നാല്‍ മാത്രമേ കഴിയൂ. എയര്‍ മാര്‍ഷല്‍ മാനവെന്ദ്ര സിംഗ് നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയും സേന നിയോഗിച്ചിട്ടുണ്ട്. തമിഴ്‌നാട് പൊലീസ് നടത്തുന്ന സമാന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News