‘ആരോഗ്യത്തോടെയിരിക്കുക, എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക’; ദളപതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂക്ക

തമിഴ് സൂപ്പര്‍താരം രജനീകാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച മണി രത്നം ചിത്രം ‘ദളപതി’യുടെ ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നത്. “പ്രിയ രജനീകാന്ത്, സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക”, ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധിപ്പേരാണ് സ്റ്റൈൽ മന്നന് ആശംസകളുമായി എത്തുന്നത്.1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.

ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി.

ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും തമിഴ് സിനിമയില്‍ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമലഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവര്‍ഗള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

1980-കളാണ് രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിര്‍ത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

നായകന്‍ എന്ന നിലയില്‍ തമിഴകം അംഗീകരിച്ച രജിനിയുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനശാലകളില്‍ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദര്‍ സ്വയം നിര്‍മിച്ച നെട്രികന്‍ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തില്‍ രജിനിയുടെ വളര്‍ച്ചക്ക് കരുത്തായത്.

ഖുദ്-ദാര്‍, നമക് ഹലാല്‍, ലവാരീസ്, ത്രിശൂല്‍, കസ്‌മേ വാദേ തുടങ്ങിയ ബച്ചന്‍ ചിത്രങ്ങള്‍ പഠിക്കാത്തവന്‍, വേലൈക്കാരന്‍, പണക്കാരന്‍, മിസ്റ്റര്‍ ഭരത്, ധര്‍മത്തിന്‍ തലൈവന്‍ തുടങ്ങിയ പേരുകളില്‍ തമിഴില്‍ പുറത്തിറങ്ങി.
രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളില്‍ മന്നന്‍, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. 1993-ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല.

1995-ല്‍ പുറത്തിറങ്ങിയ രജിനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളില്‍ മുന്‍നിരയിലാണ് രജനി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News