ഗവർണർ vs സർക്കാർ – കാണാപ്പുറങ്ങൾ കാണിച്ച് പ്രേകുമാർ

ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന “ആരാധ്യനായ ഗവർണർ പൊട്ടിത്തെറിച്ചു,ഗവർണർ പിണങ്ങി” എന്നി തലക്കെട്ടുകളോടുകൂടിയ വാർത്തകളോട് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ പ്രേംകുമാർ.ഗവർണറുടെ 5 പൊട്ടിത്തെറികൾ എണ്ണമിട്ട് വിശദീകരിച്ചിട്ടുണ്ട് പ്രേംകുമാർ.

കണ്ണൂർ സർവ്വകലാശാലയിലെ വി സി നിയമനവും അദ്ധ്യാപിക നിയമനവുമാണ് പ്രധാനവിഷയമായി മാധ്യമങ്ങൾ ഉന്നയിക്കുന്നത്.ഒപ്പം കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി, ഗവർണർക്കെതിരെ കേസ് കൊടുത്തു,ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വി.സി.ക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല,സംസ്കൃത യൂണിവേഴ്സിറ്റി വി.സി.നിയമന പാനലിൽ ഒറ്റ പേര് മാത്രമേ നൽകിയുള്ളു……തുടങ്ങിയ വിഷയങ്ങളും പല മാധ്യമങ്ങളും കൂട്ടിച്ചേർക്കുന്നുണ്ട്.

കണ്ണൂർ സർവകലാശാലാ വിസിയായി തന്നെ നിയമിച്ചത്‌ ഗവർണറാണെന്ന്‌ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയ നിയമനമാണോയെന്ന്‌ നിയമിച്ചവരോട്‌ ചോദിക്കണം എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ വിഷയത്തെ കുറിച്ച് വളരെ വിശദമായി തന്നെ രാഷ്ട്രീയ നിരീക്ഷകൻ പ്രേംകുമാർ എഴുതിയിട്ടുണ്ട്.ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ പ്രശ്‍നം രാഷ്ട്രീയ വൽക്കരണത്തിന്റേതുമല്ല; അരാഷ്ട്രീയവൽക്കരണത്തിന്റേതും കാവിവൽക്കരണത്തിന്റേതുമാണ്.അത്തരം സംഘപരിവാർ അജണ്ടകളെ ശക്തമായി പ്രതിരോധിച്ചു നിൽക്കുന്ന ചുവന്ന മണ്ണാണ് കേരളത്തിന്റേത് എന്നും പ്രേംകുമാർ കുറിക്കുന്നു .

കുറിപ്പിന്റെ പൂർണ്ണരൂപം;

ആരാധ്യനായ ഗവർണർ പൊട്ടിത്തെറിച്ചു.ഗവർണർ പിണങ്ങി എന്ന് പരാതി പറയുന്നു പലർ.ദേശീയ മാധ്യമങ്ങളിലടക്കം വന്നത് നേരെങ്കിൽ നാലഞ്ച് കാര്യങ്ങളിലാണ് പൊട്ടിത്തെറി.അദ്ദേഹം പറയുന്ന കാര്യങ്ങൾ നല്ലതിനായിരിക്കുമെന്ന് വിചാരിച്ചു കേട്ട് നോക്കിയാലും എവിടെയൊക്കെയോ എന്തൊക്കെയോ ചില പൊട്ടിത്തെറിക്കേടുകൾ.
ആദ്യം മുഖ്യന് കത്തയയ്ക്കുന്നു ഗവർണർ; പിന്നെയത് പത്രങ്ങളിൽ വരുന്നു; പിന്നെയതാ കത്തയച്ചയാൾ ചാനലുകൾക്ക് മുന്നിൽ വന്ന് എന്റെ കൈ കെട്ടിയിട്ടെന്ന് സങ്കടം പറയുന്നു.

പൊട്ടിത്തെറി/പിണക്കം 01.
കണ്ണൂർ സർവകലാശാലയിൽ വി.സി.യെ പുനർനിയമിച്ചത് ക്രമവിരുദ്ധമാണെന്ന് പറയുന്നുണ്ട് ചാൻസലർ കൂടിയായ ഗവർണർ.
വി.സി.യെ പുനർനിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പു വെച്ചിരിക്കുന്നത് ഇതേ ഗവർണർ.
അപ്പോൾ ക്രമവിരുദ്ധമായ കാര്യം ചെയ്തതാരാണ്? ചെയ്‌തെന്ന് സമ്മതിക്കുന്നത് ആരാണ്?
ക്രമവിരുദ്ധമാണെങ്കിൽ ഒപ്പു വെയ്ക്കരുത്. ഇനി, സർക്കാരിനെ പിണക്കേണ്ടെന്ന് വിചാരിച്ച് ഒപ്പു വെച്ചതെങ്കിൽ
പിന്നെയിങ്ങനെ പറയരുത്. അതല്ലേ സർ അതിന്റെയൊരു…

പൊട്ടിത്തെറി/പിണക്കം 02.
കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപികയെ നിയമിച്ചത് ക്രമവിരുദ്ധമാണെന്ന് സൂചിപ്പിക്കുന്നുണ്ട് ഗവർണർ.
ക്രമവിരുദ്ധമായ് അദ്ധ്യാപികയെ നിയമിച്ചെങ്കിൽ അത് തിരുത്തേണ്ടത് ആരാണ്?
ക്രമവിരുദ്ധമായ് അദ്ധ്യാപികയെ നിയമിച്ചെന്ന് താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് പറയുന്നതും ഇതേ ഗവർണർ.
അപേക്ഷ പോലും കൊടുക്കാത്ത ഷിജുഖാന് നിയമനം നൽകുന്നു എന്ന് നമ്മളറിഞ്ഞതും ഇതേ മാധ്യമങ്ങളിലൂടെയായിരുന്നു.
മാധ്യമങ്ങളിലൂടെ അറിയുന്ന കാര്യങ്ങൾ നാട്ടുകാർ പോലും വിശ്വസിക്കാത്ത കാലത്താണ് അത് മുഖവിലയ്‌ക്കെടുത്ത്…
അനർഹരെ നിയമിച്ചെങ്കിൽ, അതറിയാമെങ്കിൽ അനുവദിക്കാൻ പാടില്ലല്ലോ സർ.

പൊട്ടിത്തെറി/പിണക്കം 03.
കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി, ഗവർണർക്കെതിരെ കേസ് കൊടുത്തു എന്നതാണ് വേറെ ഒരു പ്രകോപനം.
കേസ് കൊടുത്തു എന്നതും സ്റ്റേ കിട്ടി എന്നതും സത്യമാണ്. എന്തിനാണ് കേസ് കൊടുത്തതെന്നും പറയണ്ടേ സർ?
പ്രൊബേഷൻ കാലയളവിലുള്ള ഒരു ജീവനക്കാരൻ, വിദേശത്തു നിന്ന് ലഭിച്ച, യൂണിവേഴ്സിറ്റി ഫണ്ടിൽ അടയ്‌ക്കേണ്ട
പണം സ്വന്തം അക്കൗണ്ടിൽ പൂഴ്ത്തിവെച്ചു. കിട്ടേണ്ട ആൾക്ക് കാശ് കിട്ടാണ്ടായപ്പോൾ തട്ടിപ്പ് വെളിച്ചത്തായി, കേസായി.
ഒരു കൊല്ലം നീണ്ട അന്വേഷണം നടന്നു. ജീവനക്കാരൻ മാപ്പപേക്ഷ കൊടുത്തു.
ഒടുവിൽ മോഷ്ടിച്ച പണം യൂണിവേഴ്സിറ്റി ഫണ്ടിൽ തിരികെ അടച്ചു. തിരികെ അടച്ചു എന്ന് പറഞ്ഞാൽ കുറ്റം പൂർണമായി തെളിഞ്ഞു എന്നർത്ഥം. പ്രൊബേഷൻ കാലയളവിൽ ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത ആളിനെ യൂണിവേഴ്സിറ്റി പിരിച്ചുവിട്ടു.
അയാളുടെ പരാതിയിന്മേൽ ആളിനെ തിരിച്ചെടുക്കാൻ ഗവർണർ നിർദേശം നൽകി.
ഈ നിർദേശത്തിനെതിരെ യൂണിവേഴ്സിറ്റി കോടതിയിൽ പോയി.
ലളിതമായ രണ്ട് ലീഗൽ പോയിന്റ്സ്.01.
കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ആക്ട് പ്രകാരം, ചാൻസലർക്ക്, ഒരു ജീവനക്കാരനെ തിരിച്ചെടുക്കാൻ ആവശ്യപ്പെടാനുള്ള അധികാരമില്ല.
02.
ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഘടനയും സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഘടനയും വ്യത്യാസമുണ്ട്. നിലവിൽ കേരള ഗവർണർ കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയുടെ ചാൻസലർ അല്ല. ആദ്യ പത്ത് വർഷം ആയിരുന്നു. ആരാണ് ചാൻസലർ എന്ന് തീരുമാനിക്കേണ്ടത് സ്പോൺസറിങ് ബോഡിയായ കേരള സർക്കാരാണ്; നിലവിൽ തീരുമാനിച്ചിട്ടില്ല.

അതായത്, ഹൈക്കോടതി ജഡ്ജിയെ സസ്‌പെൻഡ് ചെയ്യാൻ ഉമ്മൻ ചാണ്ടി 2021 ൽ ഓർഡർ ഇടുന്നതുപോലെയാണ് ഗവർണർ
ഓർഡർ ഇട്ടതെന്ന്.
ജഡ്ജിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യന് അധികാരമില്ല.
നിലവിൽ ചാണ്ടി സർ മുഖ്യനുമല്ല. അതാണ് കേസ്.

പൊട്ടിത്തെറി/പിണക്കം 04.
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വി.സി.ക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല; സർക്കാരിന്റെ ശ്രദ്ധക്കുറവാണ് എന്നതാണ്
ഗവർണറെ ചൊടിപ്പിച്ച മറ്റൊരു കാര്യം.
ശമ്പളം കിട്ടിയിട്ടില്ല എന്നത് സത്യമാണ്. അതിന്റെ കാരണം വി.സി. യുടെ പേ ഫിക്സേഷൻ നടക്കാത്തതുകൊണ്ടാണ്.
അത് നടക്കാത്തത് അദ്ദേഹം പണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് VRS എടുക്കുന്ന സമയത്തെ പേപ്പർ വർക്കുകൾ മുഴുവനാവാത്തതുകൊണ്ടാണ്.
ഒരാളുടെ ശമ്പളം വൈകി എന്നത് പറഞ്ഞ് ചാൻസലർ സീറ്റിലിരിക്കാൻ ഞാനില്ലെന്ന് പിണങ്ങുന്നത് ശരിയാണോ സർ?

ചാൻസലർ സീറ്റിൽ ഗവർണർ തന്നെ ഇരിക്കണമെന്നൊന്നും നിർബന്ധമില്ല.
പല യൂണിവേഴ്സിറ്റികളിൽ പല തരത്തിലാണ് നിയമം.
ഈ നിയമമെന്നത് നിയമസഭ ചർച്ച ചെയ്തുണ്ടാക്കുന്നതാണ്.
അത് മാറ്റാനും നമ്മൾ തെരഞ്ഞെടുത്തയച്ച എം.എൽ.എ. മാരുണ്ടവിടെ.
അങ്ങനെ കേരളനിയമസഭ വിചാരിച്ചാൽ ചിലപ്പോ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ചാൻസലർ ആവാം. ഗവർണർ അല്ലെങ്കിൽ ആര് ചാൻസലർ ആവണമെന്ന് തീരുമാനിക്കേണ്ടത് ഗവർണർ അല്ല.
ഞാനില്ല എന്ന് ഗവർണർക്ക് പറയാം; നിങ്ങൾ ആയിക്കോളൂ എന്ന് പറയുന്നതിൽ ഒരു ചൈൽഡിഷ്നെസ്സാണുള്ളത്.
കുട്ടിത്തരം നല്ലതാണ്; ഗവർണർക്കല്ലെങ്കിൽ.

പൊട്ടിത്തെറി/പിണക്കം 05.
സംസ്കൃത യൂണിവേഴ്സിറ്റി വി.സി.നിയമന പാനലിൽ ഒറ്റ പേര് മാത്രമേ നൽകിയുള്ളു എന്നതാണ് ഗവർണറെ ചൊടിപ്പിച്ച മറ്റൊരു കാര്യം.
ആ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം സർക്കാരിന് രണ്ട് ഓപ്‌ഷൻസ് ഉണ്ട്. സെർച്ച് കമ്മറ്റി കൂടി യോഗ്യതയുള്ള ആളിനെ കണ്ടെത്തി ഒരാളിന്റെ പേര് നൽകാം. കമ്മറ്റിക്ക് ഒരാളിനെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ഒരു പാനൽ കൊടുക്കാം.
ഇത്തവണ ഒരാളിനെ കണ്ടെത്തി; ഒരാളിന്റെ പേര് കൊടുത്തു. ഇനി അഥവാ അങ്ങനെ കൊടുത്തത് ശരിയല്ലെങ്കിൽ ചാൻസലർ എന്താണ് ചെയ്യേണ്ടത്? ആ ഫയൽ മടക്കി അയക്കണം.
അല്ലാണ്ടെ കൈ കെട്ടിയിട്ടു എന്ന് ചാനലുകളോട് പറയുകയല്ലല്ലോ സർ.
അതെന്താണ് സർ മടക്കി അയയ്ക്കാത്തത്?

ഇതിനോടകം ന്യൂസ് വാല്യൂ കിട്ടിക്കഴിഞ്ഞ, ചാൻസലർ എന്നനിലയിൽ ഗവർണർ മുന്നോട്ട് വെയ്ക്കുന്ന ഒരു നവീന ആശയമുണ്ട്.
അതും കൂടെ പറയാതെ വയ്യ.
സ്ത്രീധനം വാങ്ങുന്നവരുടെ ബിരുദം റദ്ദാക്കുമെന്ന ചട്ടം കൊണ്ടുവരണമെന്നാണ് പറയുന്നത്.
കേൾക്കാൻ കൊള്ളാം; പക്ഷേ, നടപ്പുള്ള കാര്യമല്ലെന്ന് അന്നേ പറഞ്ഞിട്ടുണ്ട് ഉന്നതവിദ്യാഭ്യാസമന്ത്രി.
ഇങ്ങനെ എന്തോ ഒരു ഓർഡർ ഇറക്കീട്ടുമുണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി.
സത്യത്തിൽ നിയമപരമായോ ധാർമികമായോ ഒരു തരത്തിലും നിലനിൽക്കാത്ത നിർദേശമാണത്.
ആളുകൾ എന്തൊക്കെ കുറ്റം ചെയ്യുന്നു എന്ന് നോക്കലല്ല യൂണിവേഴ്സിറ്റിയുടെ ജോലി. അത് നോക്കാൻ വേറെ ആളുകളുണ്ട്.

വാദത്തിന് വേണ്ടി സമ്മതിക്കാം; സ്ത്രീധനം വാങ്ങുന്നത് വലിയ കുറ്റമാണ്. കൊലപാതകം അതിലും വലിയ ക്രിമിനൽ കുറ്റമാണല്ലോ? കൊലപാതകക്കുറ്റം ചെയ്ത ഒരാളിന്റെ ബിരുദം റദ്ദാക്കാൻ പറ്റുമോ?
വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്ന ആൾക്ക് പോലും ബിരുദ/ബിരുദാനന്തര കോഴ്സുകൾ ചെയ്യാൻ അവസരമുള്ള നാടാണിത്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ, സങ്കുചിത കക്ഷിരാഷ്ട്രീയ ഇടപെടലുകൾ അടക്കം മൂല്യശോഷണത്തിന്റേതായ ധാരാളം പ്രശ്നങ്ങളുണ്ട്.
അതൊക്കെ പരിഹരിക്കേണ്ടതുമുണ്ട്; പക്ഷേ അതിങ്ങനെ, കട്ടവനെ തിരികെ എടുത്തിട്ടും ഡിഗ്രി റദ്ദാക്കിയിട്ടുമല്ല ചെയ്യേണ്ടത് സർ.

ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ പ്രശ്‍നം രാഷ്ട്രീയ വൽക്കരണത്തിന്റേതുമല്ല; അരാഷ്ട്രീയവൽക്കരണത്തിന്റേതും കാവിവൽക്കരണത്തിന്റേതുമാണ്.
അത്തരം സംഘപരിവാർ അജണ്ടകളെ ശക്തമായി പ്രതിരോധിച്ചു നിൽക്കുന്ന ചുവന്ന മണ്ണാണ് കേരളത്തിന്റേത്.
ആ മണ്ണിൽ ചവുട്ടി നിന്നാണ് പിന്നെയും പറയുന്നത്.
അത് കേരളമൊന്നായ് പറയുന്നതാണ്.

ചാണകത്തിൽ ചവിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here