കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും:മുഖ്യമന്ത്രി

സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്‍റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും എന്ന് മുഖ്യമന്ത്രി. ഇതിനായി 30 സ്വതന്ത്ര മികവിന്‍റെ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും എന്നും മുഖ്യമന്ത്രി അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കും. കൂടുതല്‍ പഠനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് അവശ്യമായ ഇടങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായവും ആവശ്യമുളള ഇടങ്ങളില്‍ പുതിയ സ്ഥാപനങ്ങളും അനുവദിക്കും.

കേരളത്തെ ഗുണമേډയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും.ഇതിന്‍റെ അടിസ്ഥാനത്തിലുള്ള 40 ഇന പരിപാടികള്‍  അനുബന്ധമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ തന്നെ നമ്മുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കാര്യങ്ങള്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

1. ആധുനിക വൈജ്ഞാനിക സമൂഹമായി കേരളത്തിന്‍റെ സുസ്ഥിര പരിവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരവും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ദേശീയവും അന്തര്‍ദേശീയവുമായ നിലവാരത്തിലേക്കുയര്‍ത്തുന്നതാണ്.

2. സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഒരു സംസ്ഥാനതല അക്രഡിറ്റേഷന്‍ സംവിധാനം വഴി ഉറപ്പുവരുത്തുന്നതാണ്.

3. ഉന്നത വിദ്യാഭ്യാസത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനായി സീറ്റുകളുടെ എണ്ണത്തിലും പുതിയ കോഴ്സുകളിലും ഗവേഷണ സൗകര്യങ്ങളിലും വര്‍ദ്ധനവ് ഉണ്ടാക്കുന്നതാണ്. ഈ സംരംഭത്തിന്‍റെ ഫലമായി 3 മുതല്‍ 4 ലക്ഷം വരെ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനുള്ള ഒരു അവസരം ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.

4. നമ്മുടെ കോളേജുകള്‍ / സര്‍വ്വകലാശാലകള്‍ എന്നിവയിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മേഖലകളിലെ ലോകോത്തര വിശിഷ്ട പ്രൊഫസര്‍മാര്‍ ഓണ്‍ലൈനായി ഒരു പാരസ്പര്യ പ്രഭാഷണ പരമ്പര څഎമിനെന്‍റ് സ്കോളേഴ്സ് ഓണ്‍ലൈന്‍ പ്രോഗ്രാം (Eminent Schoiars Online Programme) നടപ്പിലാക്കി വരുന്നു.

5. എന്‍റെ സര്‍ക്കാര്‍ 2020-21 കാലയളവില്‍ ഡിജിറ്റല്‍ സര്‍വ്വകലാശാലയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ആരംഭിച്ചിട്ടുള്ളതാണ്.

6. സര്‍വ്വകലാശാലാ വകുപ്പുകളും കേന്ദ്രങ്ങളും മികവിന്‍റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതാണ്.
ഈ സര്‍ക്കാരിന്‍റെ പ്രഥമ ബജറ്റ് പ്രസംഗത്തിലും ഇത് സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കുകയും കര്‍മ്മപദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

“പുതിയ സാഹചര്യങ്ങളില്‍ ജ്ഞാനോല്പാദനത്തിനുള്ള പ്രാപ്തിയും തദ്ദേശീയവും അന്താരാഷ്ട തലത്തിലുമുള്ള തൊഴില്‍ മേഖകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുളള നൈപുണികളുമുളള പുതിയ കേരള സമൂഹത്തെ വളര്‍ത്തിയെടുക്കുന്ന വിധത്തില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ പുനര്‍നിര്‍മ്മാണം അടിയന്തിരകര്‍ത്തവ്യമായി സര്‍ക്കാര്‍ കാണുന്നു. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനസംഘാടനത്തിനു പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാന്‍ ഉന്നതാധികാരമുള്ള കമ്മീഷനെ നിയോഗിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും”. എന്നാണ് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്‍റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിന് പൂര്‍ണ്ണ ബോധ്യമുണ്ട്. അതിനായി കേരളത്തിന് പുറത്ത് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന മൂന്ന് സമിതികള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ സമിതികളില്‍ ചെന്നൈ ഐഐടി, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നിവയിലെ വിദഗ്ധര്‍ പങ്കാളികളാണ്. ഗവേഷണ രംഗത്ത് പ്രത്യേകിച്ച് ശാസ്ത്ര, സാങ്കേതിക, ഡിജിറ്റല്‍ രംഗങ്ങളില്‍ മുന്നോട്ടുപോകാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. അതിന്‍റെ ഭാഗമാണ് ബഹു. ചാന്‍സിലര്‍ തന്നെ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ യൂണിവേഴ്സിറ്റി.

കഴിഞ്ഞ ബജറ്റില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് 10 കോടി രൂപ അധികമായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ അനവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അതിന്‍റെ പരിണിതഫലമായി എന്‍ ഐ ആര്‍ എഫ് റാങ്കിംഗിലും നാക് അക്രഡിറ്റേഷനിലും കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തിലെ സര്‍വ്വകലാശാലകളുടെയും കോളേജുകളുടെയും നിലവാരം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് കാണാം.

240 ല്‍ 180 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് NAAC അക്രഡിറ്റേഷന്‍ കിട്ടിയിട്ടുണ്ട്.

കേരള, എം. ജി, ക്യൂസാറ്റ്, കോഴിക്കോട് സര്‍വ്വകലാശാലകള്‍ക്ക് എന്‍. ഐ. ആര്‍. എഫ് റാങ്കിംഗില്‍ ആദ്യത്തെ 60 – റാങ്കുകള്‍ക്ക് ഉള്ളില്‍ സ്ഥാനമുണ്ട്.

സംസ്കൃത സര്‍വ്വകലാശാലക്ക് NAAC A+ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ഇവിടെ നില്‍ക്കുകയല്ല. ഇനിയും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തുടര്‍ന്നും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് സവിശേഷമായ ഇടപെടലും ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്.

1. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തിക്കൊണ്ട് ഗ്രേഡിംഗ് നല്‍കുന്നതിനായുള്ള സ്റ്റേറ്റ് അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ സെന്‍റര്‍ (SAAC) പ്രവര്‍ത്തനമാരംഭിച്ചു.

2. NIRF ന്‍റെ മാതൃകയില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില്‍ അക്കാദമിക മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (Kerala Institutional Ranking Framework-KIRF) സംവിധാനം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനും സഹായകരമായിരിക്കും.

ലോകോത്തര മലയാളി ശാസ്ത്രജ്ഞനായ താണു പത്മനാഭന്‍റെ സ്മരണാര്‍ത്ഥം കേരള സര്‍വ്വകലാശാലയില്‍ 88 കോടി രൂപ ചെലവിട്ട് അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചുകൊണ്ട് ലോകനിലവാരത്തില്‍ കൂടുതല്‍ മുന്നോട്ടുനയിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News