വഖഫ് വിഷയം; സമസ്തയുമായുള്ള അനുനയ ചര്‍ച്ചകളിൽ നിന്ന് പിന്മാറാനൊരുങ്ങി ലീഗ്

വഖഫ് വിഷയത്തിൽ സമരം തുടരാനാണ് മുസ്ലിം ലീഗിന്റെ തീരുമാനമെങ്കിലും മുസ്ലിം സംഘടനകളെ ഒന്നിച്ചു നിർത്താനാവാത്തതാണ് പ്രധാന വെല്ലുവിളി. എന്നാൽ സമസ്തയുമായി ഇക്കാര്യത്തിൽ അനുനയ ചർച്ചകൾപ്പോലും ഇനി വേണ്ടെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിലെ കൂടുതൽപ്പേരും.

മുസ്ലിം ലീഗ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോവുന്നതിനിടെയാണ് വഖഫ് വിവാദം വീണുകിട്ടിയത്. മുസ്ലിം സംഘടനകളെ ഒന്നിച്ചുനിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം സമസ്ത പിൻമാറിയതോടെ തകിടം മറിഞ്ഞു.

കോഴിക്കോട്ടെ റാലിയോടെ മുസ്ലിം ലീഗിന്റെ സമരം സമസ്ത നേതൃത്വത്തിനെതിരെക്കൂടിയായി മാറി. ഇരുസംഘടനകളും കാലങ്ങളായി ഒന്നുപോലെയാണ് പ്രവർത്തിച്ചിരുന്നത്. ഇതിനിടയിൽ പാലമായി പാണക്കാട് കുടുംബവുമുണ്ടായിരുന്നു.

ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസ്സിന്റെ നിലപാടുകളും അതിനോടുള്ള മുസ്ലിം ലീഗിന്റെ സമീപനവും സമസ്തയെ ഇടതിനോട് അടുപ്പിച്ചു. പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സമസ്ത രംഗത്തെത്തിയത് മുസ്ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു.

വഖഫ് നിയമനങ്ങൾ പള്ളിയിൽ പ്രതിഷേധിയ്ക്കാനുള്ള നീക്കത്തിൽ സമസ്ത പിൻമാറിയതോടെ ശത്രുതയായി. മുസ്ലിം ലീഗ് കോഴിക്കോട് പ്രഖ്യാപിച്ച സമരത്തിനുമില്ലെന്നായതോടെ ഇരുകൂട്ടരും തമ്മിലുള്ള അകലം ശ്രദ്ധിയ്ക്കപ്പെട്ടു.

അനുനയ ചർച്ചകൾപ്പോലും വേണ്ടെന്ന നിലപാടിലാണ് മുസ്ലിം ലീഗിലെ മുജാഹിദ് വിഭാഗം. സുന്നികളും കാന്തപുരം വിഭാഗവുമാവട്ടേ ഒരുകാലത്തും മുസ്ലിം ലീഗിനോട് സഹകരിച്ചിട്ടില്ല. കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന സുന്നികളില്ലാതെ സമരം ലക്ഷ്യത്തിലെത്തില്ലെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഒപ്പം സമുദായത്തിനകത്ത് മുസ്ലിം ലീഗ് ഒറ്റപ്പെടുമെന്ന ഭയവും. നിലവിൽ ജമാഅത്തെ ഇസ്ലാമിയും സലഫി വിഭാഗവുമാണ് വഖഫ് സമരത്തിൽ മുസ്ലിം ലീഗിനോട് സഹകരിയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News