വി.സി നിയമന വിവാദം; ഗവർണറുടെ നിലപാട്‌ ദുരൂഹമാണെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ

വി.സി നിയമന വിവാദത്തിൽ ഗവർണറുടെ നിലപാട്‌ ദുരൂഹമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എന്താണ്‌ ഇതിന്‌ പിന്നിലെന്ന്‌ വ്യക്തമല്ല. അത്‌ ഗവർണർ തന്നെയാണ്‌ വ്യക്തമാക്കേണ്ടത്‌.

ഗവർണറുമായി ഒരു ഏറ്റുമുട്ടൽ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സാഹചര്യവും സർക്കാർ ഗവർണർക്ക്‌ നൽകിയിട്ടുണ്ട്‌.

ഇനിയും അദ്ദേഹം ചാൻസലറായി പ്രവർത്തിക്കണം എന്നുതന്നെയാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. രാഷ്‌ട്രീയ സമ്മർദ്ദത്തിന്‌ അനുവദിക്കില്ല എന്ന്‌ പറയുന്ന ഗവർണർ രാഷ്‌ട്രീയ സമ്മർദ്ദത്തിന്‌ വിധേയമാകില്ല എന്നാണല്ലോ പ്രതീക്ഷിക്കേണ്ടത്‌. ഗവർണറും സർക്കാരും തമ്മിലുള്ള ഈ പ്രശ്‌നം അവർതന്നെ ചർച്ചചെയ്‌ത്‌ പരിഹരിക്കുകയാണ്‌ വേണ്ടത്‌.

ചാൻസലർ പദവി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന്‌ വ്യക്തമാക്കിയതാണ്‌. ഗവർണർക്ക്‌ നൽകിയിട്ടുള്ള എല്ലാ അവകാശ, അധികാരങ്ങളും സംരക്ഷിച്ചുകൊണ്ട്‌ മാത്രമേ സർക്കാർ പ്രവർത്തിക്കുകയുള്ളൂ.

വി.സി നിയമനം സംബന്ധിച്ച ശുപാർശ നൽകുന്നത്‌ സർക്കാരല്ല. അതിന്‌ സർച്ച്‌ കമ്മിറ്റിയുണ്ട്‌. അതിൽ സർവകലാശാലയുടെ പ്രതിനിധിയുണ്ട്‌, യുജിസി പ്രതിനിധിയുണ്ട്‌, സർക്കാർ പ്രതിനിധിയുണ്ട്‌. അത്‌ ഗവർണർ തന്നെ അംഗീകരിച്ച ഒരു സർച്ച്‌ കമ്മിറ്റിയാണ്‌. അതിലൊരു വ്യത്യസ്‌ത അഭിപ്രായം ഗവർണർ പ്രകടിപ്പിച്ചിട്ടില്ല.

ആ സർച്ച്‌ കമ്മിറ്റിയാണ്‌ ഒരു പേര്‌ കണ്ടെത്തിയത്‌. അതല്ല മൂന്ന്‌ പേരാണ്‌ നൽകേണ്ടതെങ്കിൽ അത്‌ നൽകാൻ തയ്യാറാണെന്നും സർച്ച്‌ കമ്മിറ്റി നിലപാടെടുത്തു. അതും സർച്ച്‌ കമ്മിറ്റി ഐകകണ്‌ഠേന എടുത്ത നിലപാടാണ്‌.

ഗവർണർക്ക്‌ ഒരു വ്യക്തിയുടെ പേരാണ്‌ വേണ്ടതെങ്കിൽ അത്‌ നൽകാനും സർച്ച്‌ കമ്മിറ്റി തയ്യാറാണെന്നായിരുന്നു തീരുമാനം. മൂന്ന്‌ പേരുടെ പേര്‌ വേണ്ട, ഒരാളുടെ നൽകിയാൽ മതിയെന്ന്‌ ഗവർണർ ആവശ്യപ്പെട്ടുവെന്നാണ്‌ സർച്ച്‌ കമ്മിറ്റിയുടെ ആളുകൾ പറയുന്നത്‌. പിന്നീട്‌ അദ്ദേഹത്തിന്‌ വന്നിട്ടുള്ള പ്രശ്‌നമായിരിക്കാം ഇപ്പോഴത്തെ വിവാദങ്ങൾക്ക്‌ കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News