പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; അമ്മ അറസ്റ്റില്‍

പത്തനംതിട്ട റാന്നിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കോട്ടയം നീണ്ടൂർ സ്വദേശിനി ബ്ലെസി പി മൈക്കിളാണ് പിടിയിലായത്. അസുഖബാധയെ തുടർന്ന് കുഞ്ഞ് നിർത്താതെ കരഞ്ഞതിനാൽ, തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

27 ദിവസം പ്രായമുളള ആൺ കുഞ്ഞ് കൊലപ്പെട്ടത് വ്യാഴാഴ്ച. ചികിൽസയ്ക്കെന്ന് പറഞ്ഞ് രക്ഷിതാക്കൾ കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നില്ല. സംശയത്തെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടത്തി.

തലയ്ക്ക് പിന്നിൽ മാരകമായ ക്ഷതം ഏറ്റതായും ഇത് മരണകാരണമെന്നുമാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. തുടർന്ന് അമ്മ – ബ്ലെസി, അച്ഛൻ കാവലം സ്വദേശി ബെന്നി സേവ്യർ എന്നിവരെ ചോദ്യം ചെയ്തു.

മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. തുടർച്ചയായി അസുഖവും പിടിപെട്ടു. കരച്ചിൽ നിർത്താത്തതും കുഞ്ഞ് പഠനത്തിനു തടസ്സമാകുമെന്നു കണ്ട്- തല ഭിത്തിയിൽ ഇടിപ്പിച്ചതായി ബ്ലെസി സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു. നീണ്ടൂർ സ്വദേശിനി ബ്ലെസി, ബെന്നി സേവ്യറുമായി പരിചയപ്പെടുന്നത് കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ പഠനവേളയിലാണ്.

പിന്നീട് ഇവർ ഒന്നിച്ച് ജീവിക്കാൻ തുടങ്ങി. ബന്ധുക്കളുമായി കാര്യമായ ബന്ധമില്ലാത്ത ഇരുവരും റാന്നി കരികുളത്തെ ആശ്രമത്തിൽ ജോലികൾ ചെയ്ത്, അവിടെതന്നെ കഴിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here