രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം വര്‍ഗീയ പ്രീണനം,ബിജെപിയുടെ വര്‍ഗീയതക്ക് ബദല്‍ ഇടതുപക്ഷം മാത്രം; പിണറായി വിജയന്‍

രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം വര്‍ഗ്ഗീയ പ്രീണനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഹിന്ദുക്കളുടേതാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കോണ്‍ഗ്രസ് തുടരുന്ന മൃതു ഹിന്ദുത്വ സമീപനത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം കളമശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് നാള്‍ നീണ്ടു നില്‍ക്കുന്ന ജില്ലാ സമ്മേളനത്തിന് കളമശ്ശേരിയിലെ അഭിമന്യു നഗറില്‍ തുടക്കമായി

ബി ജെ പി ക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ആവില്ല എന്ന് തെളിയിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം . കോണ്‍ഗ്രസിലുള്ള വിശ്വാസം മതേതര ഇന്ത്യക്ക് നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വര്‍ഗ്ഗീയമായി ചേരിതിരിക്കാനാണ് സംഘ പരിവാറും ഇസ്ലാമിക തീവ്രവാദികളും ശ്രമിക്കുന്നത്. ഇതിന് മുസ്ലീം ലീഗും കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

സമ്മേളന നഗരിയില്‍ മുതിര്‍ന്ന നേതാവ് കെ എം സുധാകരന്‍ രക്തപതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. രക്തസാക്ഷി അഭിമന്യുവിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന മഹാരാജാസില്‍ നിന്നും കൊണ്ടുവന്ന ദീപശിഖ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ സമ്മേളന നഗരിയില്‍ സ്ഥാപിച്ചു.

ജില്ലയിലെ 41618 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ഏരിയാ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മറ്റിയിലെ 39 അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര കമ്മറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍ , ടി എം തോമസ് ഐസക്ക് , എം സി ജോസഫൈന്‍ , എ കെ ബാലന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മന്ത്രി പി രാജീവ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച രണ്ട് ദിവസങ്ങളിലായി നടക്കും. സമ്മേളനം മറ്റന്നാള്‍ സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News