പി ജി ഡോക്ടർമാരുടെ സമരം; ചർച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി

സമരം ചെയ്യുന്ന പി ജി ഡോക്ടർമാരുമായി ചർച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് പി ജി ഡോക്ടർമാരുടെ പ്രതിനിധികൾ മന്ത്രിയുമായി നടത്തിയ കൂടിക്കാ‍ഴ്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതെസമയം ഇന്നത്തെ കൂടിക്കാ‍ഴ്ച അനുകൂലമായിരുന്നുവെന്നും എന്നാൽ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും സമരക്കാർ അറിയിച്ചു.

അത്യാഹിതം ഉൾപ്പെയുള്ള ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള പിജി ഡോക്ടർമാരുടെ സമരം അഞ്ചാം ദിനത്തിൽ എത്തി നിൽക്കേയാണ് സമര പ്രതിനിധികൾ ആരോഗ്യമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തിയത്. ഇത് ഔദ്യോഗിക ചർച്ചകളിലേക്ക് വ‍ഴി തുറന്നു. ഈ സമരത്തില്‍ മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ തുടങ്ങിയവരെ ഉൾപ്പെടുത്തി ചര്‍ച്ച നടത്താനാണ് സർക്കാർ തീരുമാനം.

ചര്‍ച്ചാ തീയതി ഉടൻ തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. അതെസമയം ഇന്നത്തെ കൂടിക്കാ‍ഴ്ച അനുകൂലമായിരുന്നുവെന്ന് കെഎംപിജിഎ ഭാരവാഹികൾ പറഞ്ഞു.സർക്കാർ വീണ്ടും ചർച്ചയ്ക്ക് തയ്യാറാകുമ്പോ‍ഴും അത്യാഹിതം ഉൾപ്പടെ ബഹിഷ്കരിച്ചുകൊണ്ടുള്ള സമര രീതി മാറ്റാൻ പിജി ഡോക്ടർമാർ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജുകളിലെ അത്യാഹിതത്തിലെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ബദൽ സംവിധാനം തുടരാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here