പൊതുപരിപാടിക്കിടെ പന്ത് ആവശ്യപ്പെട്ട ഭിന്നശേഷി വിദ്യാർഥിക്ക് ഫുട്ബോൾ വീട്ടിൽ എത്തിച്ചു നൽകി മന്ത്രി വി ശിവൻകുട്ടി

ഭിന്നശേഷിക്കാരായ 21 കുട്ടികൾക്ക് കൈത്താങ്ങായി കൊല്ലം ജില്ലാ പഞ്ചായത്ത് മോട്ടോറൈസ്ഡ് വീൽചെയർ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. കുട്ടികളുമായി ആശയവിനിമയം നടത്തവേ 13കാരനായ ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെടുകയായിരുന്നു. പന്ത് വാങ്ങി നൽകാമെന്ന് മന്ത്രി ഉറപ്പു പറഞ്ഞു.

ഔദ്യോഗിക പരിപാടികൾക്കിടെ താൻ ഒപ്പിട്ട പന്ത് ശ്രീഹരിക്കെത്തിക്കാൻ എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി അനന്തുവുമായി ബന്ധപ്പെട്ട് ചവറ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മന്ത്രി ഒപ്പിട്ട പന്ത് എസ്എഫ്ഐ ഭാരവാഹികൾ കൊല്ലം പൊന്മനയിലെ ശ്രീഹരിയുടെ വീട്ടിൽ എത്തിച്ചു നൽകി.

ശ്രീഹരി ഏറെ സന്തോഷവാനായ നിമിഷങ്ങൾ ആയിരുന്നു അത്. പന്തിൽ നിരവധി തവണ ഉമ്മ വച്ച ശ്രീഹരി മന്ത്രി ‘അച്ചാച്ചന് ‘ നന്ദി പറഞ്ഞു. ജനിച്ചപ്പോൾ മുതൽ ശ്രീഹരി കിടപ്പിലായിരുന്നു.

വീടിനടുത്തുള്ള ഫുട്ബോൾ താരം ശ്രീവിഷ്ണു പറഞ്ഞുകൊടുക്കുന്ന ഫുട്ബോൾ കഥകൾ ശ്രീഹരിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളിയായ പിതാവ് ബിജു പറയുന്നു. മെസ്സിയാണ് ശ്രീഹരിയുടെ ഇഷ്ടതാരം. ബിജുവിന്റെയും ജലജയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളായ ശ്രീഹരി ശങ്കരമംഗലം ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here