കെ റെയിലിനെതിരായ യുഡിഎഫ് നിവേദനം; കേരളത്തിൻ്റെ വികസന-തൊഴിൽ സാധ്യതകളെ വെല്ലുവിളിക്കുന്നു; ഡിവൈഎഫ്ഐ

കെ റെയിൽ പദ്ധതിക്കെതിരായി യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ച നിവേദനം സംസ്ഥാനത്തിന്റെ സമഗ്ര വികസന താൽപര്യങ്ങൾക്കും യുവജനങ്ങളുടെ തൊഴിൽ സാധ്യതകൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ലോകത്തിലെ തന്നെ അടിസ്ഥാന ജന വിഭാഗങ്ങൾക്ക് പ്രാപ്യമായ ഏറ്റവും പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാ മാർഗ്ഗമാണ്
റെയിൽവേ. കാർബണ് ന്യൂട്രലായ ഏറ്റവും മികച്ച യാത്രാ രീതിയെന്ന് ലോകമറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്ര വിദഗ്ദർ തന്നെ സാക്ഷ്യപ്പെടുത്തുന്ന ഒരു ഗതാഗത പദ്ധതിയെയാണ് യാതൊരു പഠനങ്ങളുടെ പിൻബലവുമില്ലാതെ പരിസ്ഥിതി വിരുദ്ധമെന്ന് ആരോപിച്ച്‌ യുഡിഎഫ് എതിർക്കുന്നത്.

അതിവേഗത്തിലുള്ള യാത്ര സൗകര്യം മാത്രമല്ല സംസ്‌ഥാനത്തിന്റെ മുഖം തന്നെ മാറ്റിയേക്കാവുന്ന സമഗ്ര വികസന പദ്ധതി കൂടിയാണ് കെ റെയിൽ. സംസ്ഥാനത്തെ വാണിജ്യ-വ്യവസായ മേഖലകളേയും തൊഴിൽ മേഖലകളേയും ആഴത്തിൽ പരിപോഷിപ്പിക്കുന്നതും ടൂറിസമടക്കുമുള്ള പരോക്ഷ തൊഴിൽ മേഖലകൾക്ക് വൻ തോതിലുള്ള കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുകയും ചെയ്യും.

ലോകത്ത് ജനതയുടെ ജീവിത നിലവാരത്തേയും രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെയും മാറ്റി മറിച്ചു വികസനത്തിന്റെ പാതയിലേക്ക് നയിച്ചതിൽ സിൽവർ ലൈൻ പോലുള്ള അതിവേഗ റെയിൽ പാതകൾക്ക് വലിയ പങ്കുണ്ട്.

കേരളത്തിലെ ഭൂരിഭാഗം മനുഷ്യർക്കും വേഗതയേറിയ ഗതാഗതം, വിദ്യാഭ്യാസം, തൊഴിൽ, വാണിജ്യം, വ്യവസായം, ചരക്ക് നീക്കം, ടൂറിസം എന്നിങ്ങനെ വ്യത്യസ്‌ത രംഗങ്ങളിൽ ഏറെ ഉപകാരപ്രദമായ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫിന്റെ ജനപ്രതിനിധികൾ തന്നെ രംഗത്ത് വരുന്നത് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് തന്നെയുള്ള വെല്ലുവിളിയാണ്.

ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതിക്കെതിരെ വൈകാരികത ഇളക്കി വിട്ട് പദ്ധതിയെ ഇല്ലാതാക്കാൻ നടത്തിയ സമീപനമാണ് യുഡിഎഫ് ഇവിടയും തുടരുന്നത്.

ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങളിലൂടെ ഭരണ തുടർച്ച നേടിയ ഇടതുപക്ഷ സർക്കാർ കെ റെയിൽ കൂടി നടപ്പിലാക്കുന്നതിലൂടെ, തങ്ങൾക്ക് കേരളത്തിൽ ഇനിയൊരു ഭരണ സാധ്യതയുണ്ടാകില്ലെന്ന ഭയവും യുഡിഎഫിന്റെ ഈ എതിർപ്പിന് പിന്നിലുണ്ടെന്ന് സംശയിക്കണം.

കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും താൽപര്യമായ, ഗതാഗത സൗകര്യങ്ങൾക്കും ബഹുമുഖമായ വികസന മേഖലകൾക്കും അനന്തമായ തൊഴിൽ സാധ്യതയിലൂടെ സംസ്ഥാനത്തെ തൊഴിലന്വേഷകരായ യുവതയ്ക്കും ഏറെ പ്രതീക്ഷ നൽകുന്ന കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തിന്റേയും ജനങ്ങളുടേയും സമഗ്രമായ വികസന താൽപ്പര്യങ്ങൾക്കെതിരെ ജനവിരുദ്ധരും വികസന വിരുദ്ധരുമായി നിൽക്കുകയാണ് യുഡിഎഫെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News