കെ റെയിൽ ; കേരളത്തിന്റെ വികസന പദ്ധതിക്ക് തുരങ്കം വെക്കാനുളള നീക്കം ശക്തമാക്കി യുഡിഎഫ്

കേരളത്തിന്റെ വികസന പദ്ധതിയായ കെ റെയിൽ പദ്ധതിക്ക് തുരങ്കം വെക്കാനുളള നീക്കം ശക്തമാക്കി യുഡിഎഫ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്ക് നിവേദനം നൽകി.

നിവേദനം നൽകിയ എംപിമാരുമായി റെയിൽവേ മന്ത്രി നാളെ ചർച്ച നടത്തും. അതേസമയം കെ റെയിലിനെ അനുകൂലിക്കുന്ന ശശി തരൂർ എംപി നിവേദനത്തിൽ ഒപ്പുവെച്ചില്ല. കെ റെയിലിനെ തകർക്കാൻ ബിജെപിയുമായി കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് നീക്കങ്ങൾ.

കേരളത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ള സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിനെ തകർക്കാനുള്ള നീക്കം തുടക്കം മുതൽ തന്നെ കോണ്‍ഗ്രസും ബിജെപിയും നടത്തുന്നതാണ്. ഇതിന്റെ ഭാഗമായിട്ടാണ് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയത്.

പദ്ധതി ആവിഷ്ക്കരിച്ചാൽ പാരിസ്ഥിതികാഘാതം ഉണ്ടാകുമെന്നും, സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.പുതുച്ചേരി എംപിയടക്കം 19 എംപിമാരാണ് നിവേദനത്തിൽ ഒപ്പ് വെച്ചത്.

എന്നാൽ കെ റെയിലിനെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് ശശി തരൂർ എംപി വിട്ടുനിന്നു.കെ റെയിലിന് അനുകൂല നിലപാട് എടുക്കുന്ന ശശി തരൂർ എംപി നിവേദനത്തിൽ ഒപ്പിടാനും തയ്യാറായില്ല. ഇത് യുഡിഎഫ് നീക്കത്തിന്റെ ദുരുദ്ദേശ്യം തുറന്നു കാട്ടുന്നുണ്ട്.

അതേ സമയം എംപിമാരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി നിവേദനത്തിൽ ഒപ്പ് വെച്ച എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ ഉച്ചക്ക് 3 മണിക്കാണ് യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here