അന്തർദേശീയ വിവാഹത്തട്ടിപ്പ് വീരൻ മുംബൈയിൽ അറസ്റ്റിൽ; ചതിക്കുഴിയിൽ വീണത് നിരവധി യുവതികൾ

മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ പരിചയപ്പെടുന്ന വിവാഹാർഥികളായ സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത കുറ്റത്തിന് മലയാളിയായ അന്തർദേശീയ വിവാഹ തട്ടിപ്പുവീരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകളും വിധവകളുമാണ് ഇയാളുടെ പ്രധാന ഇരകൾ. ഇതിനകം ഇരുപതിലധികം പരാതികളാണ് താനെ കപൂർവാടി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവാഹാലോചനയുടെ പേരിൽ സ്ത്രീകളുമായി സൗഹാർദ്ദം സ്ഥാപിച്ചതിന് ശേഷം ഇവരെയെല്ലാം ലൈംഗികമായി ചൂഷണം ചെയ്യും. പലരുടെ കൈയ്യിൽ നിന്നുമായി കോടികൾ കൈക്കലാക്കിയ കണക്കുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

തലശ്ശേരി മാഹി സ്വദേശിയായ പ്രജിത് സിനിമാക്കഥകളെ വെല്ലുന്ന രീതിയിലാണ് ഇതര ഭാഷക്കാരടങ്ങുന്ന സ്ത്രീകളെ ചതിക്കുഴിയിൽ വീഴ്ത്തിയിരുന്നത്.

താനെ കപൂർവാടി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് കമ്മീഷണർ നിലേഷ് സോനവാനയുടെയും പൊലീസ് ഇൻസ്പെക്ടർ പ്രിയതമയുടെയും നേതൃത്വത്തിലുള്ള  സംഘമാണ് കല്യാണ വീരനെ നാടകീയമായി കസ്റ്റഡിയിൽ എടുത്തത്.

താനെയിൽ താമസിക്കുന്ന ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നിരവധി സ്ത്രീകളാണ് സമാനമായ പരാതികളുമായി പൊലീസ് സ്റ്റേഷനുമായി ബന്ധപെട്ടു കൊണ്ടിരിക്കുന്നതെന്ന് പൊലീസ് ഇൻസ്പെക്ടർ പ്രിയതമ പറഞ്ഞു.

ഫ്രാൻസിൽ സ്വന്തമായി ഫൈസ്റ്റാർ ഹോട്ടൽ ഉണ്ടായിരുന്നുവെന്നാണ് ഇയാൾ വഞ്ചിക്കപ്പെട്ട സ്ത്രീകളെ വിശ്വസിപ്പിച്ചിരുന്നത്. ജന്മനാട്ടിൽ സ്ഥിരതാമസമാക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി ഹോട്ടൽ വിറ്റ് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് ഇയാൾ സ്ത്രീകളോട് പറഞ്ഞിരുന്നത്.

പഞ്ചനക്ഷത്ര ഹോട്ടൽ വിൽപ്പന നടത്തിയ വകയിൽ ലഭിച്ച വിദേശ പണത്തിന്റെ മൂല്യം 85,000 കോടി രൂപയോളം വരുമെന്നാണ് ഇയാൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഈ തുകക്ക് ആർ ബി ഐ ക്ലീയറൻസ് ഇത് വരെ ലഭിച്ചിട്ടില്ലെന്നും ഇതിനായാണ് മുംബൈയിൽ തങ്ങുന്നതെന്നുമാണ് ഇയാൾ സ്ത്രീകളെ ബോധിപ്പിച്ചിരുന്നത്.

ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ കിട്ടുന്ന വലിയ തുകയുടെ കണക്കുകൾ നിരത്തി വിവാഹ വാഗ്ദാനത്തോടൊപ്പം സ്ത്രീകളെ പ്രലോഭിപ്പിക്കുകയായിരുന്നു. ഇതിനായി വലിയ പണച്ചിലവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പല ഘട്ടങ്ങളിലായി പ്രജിത് പണം തട്ടിയെടുത്തിരുന്നതെന്ന് വഞ്ചിക്കപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവതി പറയുന്നു.

ഇതേ കാരണം പറഞ്ഞാണ് മറ്റു സ്ത്രീകളെയും ഇയാൾ വഞ്ചിച്ചിരുന്നത്. മുംബൈയിലെ വിവിധ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ചതിക്കുഴികൾ ഒരുക്കിയത്. ഹോട്ടലിൽ നിന്നും വാടകക്കെടുക്കുന്ന ബിഎംഡബ്ല്യു, ബെൻസ്, ഓഡി തുടങ്ങിയ ആഡംബര കാറുകളിലായിരുന്നു ഇയാളുടെ യാത്ര.

പ്രധാനമന്ത്രിക്കയച്ച കത്ത് കാണിച്ചാണ് കിട്ടാനുള്ള കോടികളുടെ കണക്കുകൾ നിരത്തി സ്ത്രീകളെ വിശ്വസിപ്പിച്ചിരുന്നത്. വിവാഹം ചെയ്‌താൽ ഉണ്ടാകുന്ന സൗഭാഗ്യം സ്വപ്നം കണ്ടാണ് പല സ്ത്രീകളും ഇയാളുടെ വാക്കുകളിലും ആഡംബര ജീവിതത്തിലും മതി മറന്ന് പണം നൽകി വന്നിരുന്നത്. കൽക്കട്ട സ്വദേശിനിക്ക് ഇത് വഴി നഷ്ടപ്പെട്ടത് കോടി കണക്കിന് രൂപയാണെന്നാണ് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.നിലവിൽ പ്രജിത് താനെ പൊലീസ് കസ്റ്റഡിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News