‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതില്‍ നാളെ കേരളം മാതൃകയാകും’; സച്ചിൻദേവ് എം എൽ എ

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍. പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്.

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതില്‍ നാളെ കേരളം തന്നെ മാതൃകയാകുമെന്ന് കെ എം സച്ചിൻദേവ് എം എൽ എ പറഞ്ഞു.

“ബാലുശ്ശേരി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി.എ തീരുമാനപ്രകാരം ഇന്ന് ജൻ്റർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടക്കുകയാണ്. രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും ഏകാഭിപ്രായത്തിലുള്ള ഈ തീരുമാനം നാളെ കേരളം തന്നെ മാതൃകയാക്കും എന്ന കാര്യത്തിൽ സംശയമില്ല.

വിവേചനങ്ങളും വേർതിരിവുകളും കണ്ട് കൊണ്ടാണ് നമ്മുടെ കുട്ടികൾ കുട്ടികാലം മുതൽ വളരുന്നത്. ആൺ പെൺ വ്യത്യാസം വസത്രധാരണത്തിൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ സ്വത്വബോധത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്.

രക്ഷിതാക്കളും കുട്ടികളും പൂർണമനസോടെ നടപ്പിലാക്കുന്ന ഈ തീരുമാനത്തിന് ഞാൻ എല്ലാ വിധ പിൻതുണയും ആരംഭത്തിൽ തന്നെ പ്രഖ്യാപിച്ചതാണ്.ജൈവികപരമായ വ്യത്യാസങ്ങൾക്കപ്പുറത്ത് ആൺ പെൺ വിവേചനമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ഇത് പോലുള്ള തീരുമാനങ്ങൾ സഹായകമാവും.” എം എൽ എ പറഞ്ഞു.

സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് ഓൺലൈൻ വഴി ചടങ്ങ് നിർവ്വഹിക്കും.സർക്കാർ സകൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇത് ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം, ഒരേ വേഷം ഒരേ സമീപനം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ ബാലുശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ തീരുമാനത്തിനെതിരെ എം.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here