കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വരുത്തിയത് വന്‍ നഷ്ടം

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വരുത്തിയത് വന്‍ നഷ്ടം. 10 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ കഴിഞ്ഞ 7 വര്‍ഷം കൊണ്ട് പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളി.

ഓരോ സാമ്പത്തിക വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ നഷ്ടം വരുത്തുമ്പോള്‍ ബാങ്കുകളെ പറ്റിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂല നയ രൂപീകരണവും കേന്ദ്ര സര്ക്കാര് നടത്തുന്നുണ്ട് .

നിഷ്‌ക്രിയ ആസ്തിയായും കിട്ടാക്കടമായും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതി തള്ളിയത് 11.68 ലക്ഷം കോടിയിലേറെ രൂപയാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ഭക്ഷ്യെതര ബാങ്കുകളുടെ വായ്പ 110.79 ലക്ഷം കോടി രൂപയാണ്.

ഇതിന്റെ 10 ശതമാനം എഴുതി തള്ളുമ്പോള്‍ 12.05 ലക്ഷം കോടി രൂപ പൊതു വിപണിയില്‍ നിന്ന് കടം വാങ്ങാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത് എഴുതി തള്ളുന്ന തുകയുടെ തത്തുല്യമായ തുക കേന്ദ്ര സര്‍ക്കാര്‍ കടം വാങ്ങുന്ന ബാധ്യത ജനങ്ങള്‍ വഹിക്കേണ്ടി വരുമെന്ന് വ്യക്തം.

ആര്‍ബിഐ നല്‍കിയ കണക്ക് പ്രകാരം ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ എഴുതി തള്ളിയ കടത്തിന്റെ കണക്കുകള്‍ ഇങ്ങനെ ആണ്. 2021 മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എസ്ബിഐ ഉള്‍പ്പടെ അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ മാത്രം 90000 കോടിയോളം രൂപയുടെ കിട്ടാക്കടം ആണ് എഴുതി തള്ളിയത്.

കിട്ടാകടത്തിന്റെ ബാധ്യത ബാങ്കുകളുടെ കണക്കില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഭീമമായ തുക ചിലവഴിച്ച് ബാഡ് ബാങ്ക് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടും ബാങ്കുകളുടെ നടത്തിപ്പില്‍ ഒട്ടും സുതാര്യത ഇല്ല.

2017 കൃത്യമായി പറഞാല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് രണ്ട് വര്‍ഷം മുന്‍പ് ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാക്കടം ഒരു ലക്ഷത്തിന് മുകളിലായി. ബാങ്കിംഗ് രംഗത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂല നിലപാട് അധികാരത്തില്‍ എത്തിയ ശേഷം മോദി സര്‍ക്കാര്‍ തുടരുകയാണ്. വായ്പകള്‍ എടുത്ത വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നഷ്ടത്തിലായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ വലിയ ഔദാര്യമാണ് ഉടമകള്‍ക്ക് ലഭിക്കുന്നത്.

കോര്‍പറേറ്റ് ഗ്രൂപ്പിന്റെ ഏതെങ്കിലും ഒരു സ്ഥാപനം നഷ്ടത്തിലായാല്‍ ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളില്‍നിന്ന് വായ്പ തിരിച്ചുപിടിക്കില്ല. നഷ്ടത്തിലായ സ്ഥാപനം അടച്ച് പൂട്ടിയാലും മറ്റ് സ്ഥാപനങ്ങള്‍ ഗ്രൂപ്പിന് നിലനിര്‍ത്താം.

ഇനി ഈ സ്ഥാപനം മറ്റൊരു ഗ്രൂപ്പ് ഏറ്റെടുക്കുകയാണ് എങ്കില്‍ അവിടെയും ഉണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് സഹായം. പുതിയ സംഘം ഏറ്റെടുക്കുമ്പോള്‍ നഷ്ടത്തില്‍ ഉള്ള സ്ഥാപനത്തിന്റെ വായ്പാ തുക ക്രമീകരിക്കും.

ആകെ ബാധ്യതയുടെ നിശ്ചിത ഭാഗം അടച്ച് ബാധ്യത പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. ഈ അടയ്ക്കാനുള്ള തുകയും ബാങ്കുകള്‍ വായ്പ നല്‍കുകയും വേണം. ഈ നഷ്ടങ്ങള്‍ എല്ലാം നിക്ഷേപകരടങ്ങുന്ന പൊതു സമൂഹം സഹിക്കണം.

വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ എന്നാണ് ഭീമമായ തുക കിട്ടാക്കടമായി കേന്ദ്ര സര്‍ക്കാര്‍എഴുതി തള്ളുമ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന വാദം. എന്നാല് ചെറുകിട സംരംഭങ്ങളേയോ പുതിയ സ്റ്റാര്‍ട്ടപ്പുകളെയോ ഈ രീതിയില്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News