
ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് കൂടുതൽ വകുപ്പുകൾ പ്രതികൾക്ക് എതിരെ ചുമത്തിയത്. സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രാജി വെയ്ക്കണം എന്ന ആവശ്യവും ഇതോടെ ശക്തമായി.
ആശിഷ് മിശ്ര ഉൾപ്പടെ 13 പ്രതികൾക്ക് എതിരെയാണ് കൊലപാതക ശ്രമ കുറ്റം കൂടി പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. ആസൂത്രിതമായ നീക്കത്തിലൂടെയാണ് ലംഖിപൂരിൽ കർഷകരെ കാർ കയറ്റി കൊല്ലാൻ നോക്കിയത് എന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വിചാരണ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് മന്ത്രി പുത്രന് കുരുക്ക് മുറുക്കി പുതിയ വകുപ്പുകൾ ചുമത്തിയത്.
ഐപിസി 307, 326, 34 എന്നീ വകുപ്പുകൾ ചേർക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാറാം ദിവാകറാണ് കഴിഞ്ഞ ദിവസം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. നാല് കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനുമടക്കം എട്ട് പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ എസ്ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര, ലുവ്കുഷ്, ആശിഷ് പാണ്ഡെ, ശേഖർ ഭാരതി, അങ്കിത് ദാസ്, ലത്തീഫ്, ശിശുപാൽ, നാൻ ദൻ സിങ്, സത്യം ത്രിപാഠി, സുമിത് ജയ്‌സ്വാൾ, ധർമേന്ദ്ര ബഞ്ചാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരാണ് അറസ്റ്റിലായത്. അപകടമാണ് ലംഖിപൂരിൽ നടന്നത് എന്നാണ് ബിജെപി വാദം.
എന്നാൽ ആസൂത്രിതവും ബോധപൂർവവുമായ ഗൂഢാലോചന നടന്നുവെന്നും അശ്രധമൂലമുള്ള അപകടമല്ല നടന്നതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഇതോടെയാണ് ഇത് വരെ ചുമത്തിയിരുന്ന ഐപിസി സെക്ഷൻ 279, 338, 304 എ എന്നിവയ്ക്ക് പകരം പുതിയ വകുപ്പുകൾ ചുമത്താൻ അന്വേഷണ സംഘം തയ്യാറായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here