സ്‌കൂളില്‍ കുട്ടികള്‍ ആയാസമില്ലാതെ നടക്കട്ടെ…ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ടി പത്മനാഭന്‍

സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള യൂണിഫോം എന്ന ബാലുശ്ശേരി ഗവ. സ്‌കൂളിന്റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും കഥാകൃത്ത് ടി പത്മനാഭന്‍. ഒരു സ്വകാര്യ മാധ്യമത്തിന്റെ ഓണ്‍ലൈനിനോടാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ഇരുപത്തിയഞ്ച് കൊല്ലത്തോളം തുടര്‍ച്ചയായി കാര്‍ ഡ്രൈവ് ചെയ്ത ആളാണ് താനെന്നും തിരക്കേറിയ റോഡുകളിലൂടെ പോകുമ്പോള്‍ സാരിയുടുത്ത സ്ത്രീകളും ഡ്രൈവ് ചെയ്ത് പോകുന്നത് കണ്ടിട്ടുണ്ടെന്നും അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചത് പാന്റ്‌സും ഷര്‍ട്ടുമിട്ട് കാറോടിക്കുന്ന എന്റെ സൗകര്യവും സാരിയുടുത്ത് ഗിയറും ക്ലച്ചും മാറ്റുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുമാണെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് എന്തൊരു എളുപ്പമാണ് പാന്റ്‌സും ഷര്‍ട്ടുമിട്ട് യാത്രകള്‍ ചെയ്യാനെന്നും അപ്പോള്‍ സ്ത്രീകള്‍ കൂടി ഈ വേഷത്തിലായിരുന്നെങ്കില്‍ അവര്‍ക്ക് യാത്ര എളുപ്പമായേനെന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി നടക്കുന്നത് കാണാനാണ് എനിക്കിഷ്ടമെന്നും പക്ഷേ സ്‌കൂളില്‍ അണിഞ്ഞൊരുങ്ങി പോകേണ്ടതിന്റെ ആവശ്യത്തേക്കാള്‍ ആയാസമില്ലാതെ പോകുക എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

അപ്പോള്‍ അവര്‍ എളുപ്പത്തില്‍ നടക്കാനും വാഹനങ്ങളില്‍ ചാടിക്കയറാനും പറ്റുന്ന തരത്തിലുള്ള വേഷങ്ങള്‍ തന്നെ ധരിക്കട്ടെയെന്നും അണിഞ്ഞൊരുങ്ങാന്‍ അവസരങ്ങള്‍ ധാരാളം വരുമെന്നും സ്‌കൂളില്‍ കുട്ടികള്‍ ആയാസമില്ലാതെ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളുടെനിങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിനുമേല്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും മൊരട്ടു ന്യായീകരണങ്ങളും മതപരവും വിശ്വാസപരവുമായ വിലക്കുകളും വന്നുചേരുന്നത് സ്വാഭാവികമാണെന്നും ഇത്തരക്കാര്‍ കൂടി കഴിഞ്ഞുകൂടുന്ന ഇടമാണല്ലോ ഈ കേരളമെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികള്‍ ഏതു സമുദായക്കാരുമായിക്കൊള്ളട്ടെ അവര്‍ വളരെ ധീരകളാണെന്നും പറഞ്ഞ് അദ്ദേഹം തന്‍രെ അനുഭവങ്ങളും പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് മഞ്ചേരിയിലെ ഒരു വനിതാകോളേജിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നും ആ പെണ്‍കുട്ടികളുടെ ഉല്‍പതിഷ്ണുത്വം, അവരുടെ വിചാരധാരയില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍, സംഘടനാ പാടവത്വം.. ഇവയെല്ലാം കണ്ട് താന്‍ അതിയായി സന്തോഷിക്കുകയും അത്ഭുതപ്പെടുകയും ചെയ്തുവെന്നും അവരൊക്കെ എന്നോ മറക്കുടകള്‍ കാറ്റില്‍ പറത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ മാട്ടൂല്‍ എന്നൊരു സ്ഥലത്ത് നൂറുശതമാനുവും ഒരു മതസമുദായത്തിന് മേല്‍ക്കോയ്മയുള്ള ദ്വീപ് പോലുള്ള സ്ഥലമാണ്. ഈയടുത്ത കാലത്ത് ഒരു പ്രഭാഷണത്തിനായി അവിടെ പോകേണ്ടതുണ്ടായിരുന്നുവെന്നും പെണ്‍കുട്ടികള്‍ വളരെ ഫോര്‍വേഡ് ആയി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുണ്ടെന്നും അവരുടെ വസ്ത്രധാരണവും അതിനോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളില്‍ എല്ലാവരും ഡിഗ്രി കഴിഞ്ഞതാണ് അവര്‍. അവിടത്തെ പ്രശ്‌നം മറ്റൊന്നാണ്. അവര്‍ക്ക് അനുയോജ്യരായ വരന്മാരെ ലഭിക്കുന്നില്ലെന്നും പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഡിമാന്റ് ചെയ്യുന്നത് പണത്തെയല്ല മറിച്ച തുല്യയോഗ്യത വരനുമുണ്ടോ എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ വിമര്‍ശിക്കുന്നവരെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News