ഹൈക്കോടതിയുടെ  വിധി  പ്രതിപക്ഷത്തിൻ്റെ നുണ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി; എ കെ ബാലൻ

കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ നിയമനവുമായി  ബന്ധപ്പെട്ട് ബഹുമാനപ്പെട്ട  ഗവർണർ എടുത്ത തീരുമാനം ശരിയാണെന്ന ബഹുമാനപ്പെട്ട  ഹൈക്കോടതിയുടെ  വിധി  പ്രതിപക്ഷത്തിൻ്റെ നുണ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം  ഉയർത്തിയ അപവാദപ്രചാരണം പിൻവലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എ കെ ബാലന്റെ പ്രസ്താവന

കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ നിയമനവുമായി  ബന്ധപ്പെട്ട് ബഹുമാനപ്പെട്ട  ഗവർണർ എടുത്ത തീരുമാനം ശരിയാണെന്ന ബഹുമാനപ്പെട്ട  ഹൈക്കോടതിയുടെ  വിധി  പ്രതിപക്ഷത്തിൻ്റെ നുണ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം  ഉയർത്തിയ അപവാദപ്രചാരണം പിൻവലിച്ച് മാപ്പു പറയണം.

സ്വജനപക്ഷപാതവും അഴിമതിയുമാണ് സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ നടക്കുന്നത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണം എന്നൊക്കെ ആയിരുന്നല്ലോ പ്രചാരണം. ഇതൊക്കെ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരിക്കയാണ്.

ബഹു. ഗവർണർ എടുത്ത തീരുമാനവും അദ്ദേഹത്തിൻ്റെ  നിലപാടും നിയമപരമായിരുന്നുവെന്ന് വ്യക്തമായ സ്ഥിതിയിൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയ ഇടപെടലാണെന്നുമുള്ള വാദങ്ങൾക്കും പ്രസക്തിയില്ലാതായി.

ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് തങ്ങളുടെ വരുതിയിലുള്ള കാര്യങ്ങളിൽ    ഗവർമെൻ്റോ മന്ത്രിയോ കത്തു കൊടുക്കുന്നത് ഒരിക്കലും നിയമവിരുദ്ധമല്ല. ഗവർണർക്ക് കൊടുത്ത കത്ത് ചോർത്തിയെടുത്ത് പ്രസിദ്ധീകരിക്കുന്നത് ശരിയായ രീതിയല്ല. ഭരണഘടന ആർട്ടിക്കിൾ 163 പ്രകാരം മുഖ്യമന്ത്രി നേതൃത്വം നൽകുന്ന മന്ത്രിസഭയുടെ സഹായത്താലും ഉപദേശത്തിലുമാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഭരണഘടനാപരമായ ഈ ബാധ്യത ഗവണ്മെൻ്റ് നിർവഹിക്കുമ്പോൾ അത് രാഷ്ട്രീയ ഇടപെടലാണെന്ന് പറയാൻ കഴിയില്ല.

സർവകലാശാല ആക്ട് അനുസരിച്ച്  എടുക്കുന്ന തീരുമാനം നിയമപരമല്ലെങ്കിൽ ഗവർണർക്ക് ആ തീരുമാനം പരിശോധിക്കാം. നിയമപരമല്ലാത്ത ഒരു കാര്യവും സ്വീകരിക്കേണ്ടതുമില്ല. ഗവണ്മെൻ്റായാലും ഗവർണറായാലും നിലവിലുള്ള വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഇതെല്ലാം തീരുമാനിക്കേണ്ടത്; അല്ലാതെ വ്യക്തിപരമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലല്ല. ഗവർണറുടെ വിവേചനാധികാരം പോലും വ്യക്തിപരമല്ല; ഭരണഘടനാ വിധേയമാണ്.

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് ഒരാളുടെ മാത്രം പേര് നൽകിയത് നിയമ വിരുദ്ധമല്ല. അത് ആക്ടിൽ തന്നെ പറഞ്ഞിട്ടുണ്ട്. സമവായത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ പേര് കൊടുക്കുന്നതിൽ ഒരു തടസവുമില്ല. യോജിച്ച് ഒരാളുടെ പേരോ ഒരു പാനലോ കൊടുക്കാം. സെർച്ച് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതാണെങ്കിൽ ഇതിൽ നിന്ന് ഗവർണർക്ക് ഇഷ്ടമുള്ള ആളെ എടുക്കാം. അതിന് ഗവണ്മെൻ്റിൻ്റെ അംഗീകാരം വേണമെന്നേയുള്ളൂ. കാബിനറ്റിൻ്റെ ശുപാർശയനുസരിച്ച് മാത്രമേ ഗവർണർക്ക് തീരുമാനമെടുക്കാൻ കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel