കണ്ണൂർ വിസി നിയമനം; ചട്ടം ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി; കോടതി വിധിപ്പകർപ്പ് പുറത്ത്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി  ഡോ.ഗോപിനാഥ് രവീന്ദ്രന്  പുനര്‍ നിയമനം നൽകിയ സർക്കാർ നടപടിയിൽ  ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. സർക്കാർ ഉന്നയിച്ച എല്ലാ വാദമുഖങ്ങളും കോടതി  ശരിവച്ചതായി വിധിപ്പകർപ്പ് പുറത്ത് വന്നതോടെ വ്യക്തമായി. സര്‍വകലാശാലാ നിയമങ്ങള്‍ക്ക് വിധേയമായാണ് പുനര്‍ നിയമനം നടത്തിയതെന്നതടക്കമുള്ള സര്‍ക്കാര്‍ വാദം  കോടതി അംഗീകരിച്ചു.

പുനർ നിയമനമായതിനാൽ പ്രായപരിധി ബാധകമല്ലെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി. പുനർ നിയമനത്തിന് സർച്ച് കമ്മറ്റി ആവശ്യമില്ല , യു ജി സി ചട്ടപ്രകാരം പുതിയ നിയമനങ്ങൾക്ക് മാത്രമേ സർച്ച് കമ്മറ്റി പരിശോധിക്കേണ്ടതുള്ളൂ. നാല്‌ വർഷം വിസി സ്ഥാനം പൂർത്തിയാക്കിയ ആൾക്ക്‌ തുടർ നിയമനത്തിന്‌ തടസമില്ലെന്ന്‌ സർവകലാശാല നിയമത്തിൽ വ്യവസ്ഥയുണ്ട്‌.

ഹർജിക്കാരൻ സമീപിക്കേണ്ടിയിരുന്നത് സിംഗിൾ ബഞ്ചിനെയല്ല , പൊതുതാത്പര്യ ഹർജിയായിരുന്നു നൽകേണ്ടിയിരുന്നതെന്നും അതിനാല്‍ പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നുമായിരുന്നു  വാദത്തിനിടെ   സർക്കാർ ചൂണ്ടിക്കാട്ടിയത്. ഇതടക്കം സർക്കാരിൻ്റെ എല്ലാ വാദമുഖങ്ങളും അംഗീകരിച്ച ഹൈക്കോടതി ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം ശരിവെക്കുകയായിരുന്നു.

ഹർജിക്കാരുടെ എല്ലാ വാദങ്ങളും കോടതി തള്ളി. ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയ കത്ത് കോടതി പരിശോധിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടുവെങ്കിലും, ഗവര്‍ണറുടെ കത്ത് ഈ കേസില്‍ പ്രസക്തമല്ലെന്നും കോടതി പരിശോധിക്കേണ്ട ആവശ്യമില്ലെന്നും വിധിന്യായത്തിലും വ്യക്തമാക്കുന്നുണ്ട്.  കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനം വിവാദമാക്കിയ പ്രതിപക്ഷത്തിന്   വലിയ തിരിച്ചടിയായിരിക്കുകയാണ് സർക്കാർ നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News