റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സമിതി: മന്ത്രി വീണാ ജോര്‍ജ്

പിജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കുന്ന കാര്യം മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം പറയാമെന്ന് സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു.

റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കും.

സ്റ്റൈപെന്‍ഡ് 4 ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയോട് സംസാരിക്കും.

ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല.

വാര്‍ഡുകളിലും അത്യാഹിത വിഭാഗത്തിലും പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ചെയ്യുന്ന സേവനങ്ങള്‍ വലുതാണ്. ആരോഗ്യ വകുപ്പിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിന് ഉത്തരവായത്. അവരില്‍ ഏറെ പേരും ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒരിടത്തും ഇതുപോലെ നിയമിച്ചിട്ടില്ല. ഇനിയും കൂടുതല്‍ എന്‍എജെആര്‍മാരെ നിയമിക്കണമെന്നാണ് അവര്‍ പറയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധികമായി നിയമിച്ച 249 എസ്ആര്‍മാരെ, അവര്‍ ആവശ്യപ്പെട്ടാല്‍ ഇവരെ ഒഴിവാക്കി അത്രയും തുകയ്ക്ക് കൂടുതല്‍ എന്‍എജെആര്‍മാരെ നിയമിക്കുന്ന കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പിജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News