കണ്ണൂർ സർവകലാശാല വി സി നിയമനം; ഗവർണറിന്റെ നിലപാടുകളിൽ ദുരൂഹത

കണ്ണൂർ വിസി പുനർനിയമനം ഹൈക്കോടതി ശരിവെച്ചതോടെ ചോദ്യം ചെയ്യപ്പെടുന്നത് ചാൻസലർ കൂടിയായ ഗവർണറുടെ നിലപാടുകളിലെ ദുരൂഹതയാണ്. കോടതിയിൽ, വിസി നിയമനത്തെ അനുകൂലിച്ച ഗവർണർ, പിന്നീട് മുഖ്യമന്ത്രിക്ക് കത്തെഴുതി അത് പരസ്യമാക്കി വിവാദമാക്കാൻ ശ്രമിച്ചത് ഇരട്ടത്താപ്പാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെ കുഫോസ്, കാലടി സർവ്വകലാശാലകളിലെ വിസി നിയമന വിഷയത്തിലും ഗവർണർ പരസ്പര വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതും സംശയാസ്പദമാവുകയാണ്.

കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ ഹൈക്കോടതിയിലും പുറത്തും സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു .വിസി നിയമനം നിയമാനുസൃതമാണെന്നും കണ്ണൂർ സർവ്വകലാശാല നിയമത്തിലെ സെക്ഷൻ 10 (10) പ്രകാരം പുനർ നിയമനത്തിന് വ്യവസ്ഥ ഉണ്ടെന്നുമായിരുന്നു ഹൈക്കോടതിയിൽ ഗവർണറുടെ നിലപാട്.

എന്നാൽ ഹർജി വിധി പറയാൻ മാറ്റിയശേഷം ഗവർണർ നടത്തിയ നീക്കങ്ങളാണ് പിന്നീട് ദുരൂഹമായത്. നിയമന നടപടികളെ വിമർശിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും പിന്നീട് ഇത് മാധ്യമങ്ങളിലൂടെ പരസ്യമാക്കി വിവാദമാക്കുകയും ചെയ്തു. വിധി സർക്കാരിനെതിരാവും എന്ന് കരുതി നടത്തിയ നീക്കങ്ങൾ വിധി വന്നതോടെ വെറുതെയാവുകയായിരുന്നു.

ഹൈക്കോടതിയിൽ സർക്കാർ നിലപാട് ശരിവെച്ചതോടെ ,പുറത്ത്, നിയമനം വിവാദമാക്കാൻ ഗവർണർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. അതേസമയം കുഫോസ്, കാലടി സർവകലാശാലകളിലെ വിസി നിയമന വിഷയത്തിലും ഗവർണർ പരസ്പര വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതും സംശയാസ്പദമാവുകയാണ്. യുജിസി മാനദണ്ഡപ്രകാരം ഗവർണർ അംഗീകരിച്ച സെർച്ച് കമ്മിറ്റി വിവിധ പേരുകൾ പരിഗണിച്ചശേഷം ഒരാളുടെ പേര് ഏകകണ്ഠമായി നൽകുകയാണ് കുഫോസിൽ ചെയ്തത്.K.റിജി ജോണിൻ്റെ പേര് ചാൻസലർ കൂടിയായ ഗവർണർ അംഗീകരിച്ചു.

മാത്രമല്ല ഈ നിയമനം ചോദ്യം ചെയ്ത്, ചാൻസലർ മുഖ്യ എതിർ കക്ഷിയായി ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ ഗവർണർ നൽകിയ പ്രസ്താവനയിലും നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 18 നാണ് ഗവർണർക്ക് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ഹൈക്കോടതിയിൽ പ്രസ്താവന സമർപ്പിച്ചത്. എന്നാൽ ഇതേ നടപടി പ്രകാരം കാലടി സംസ്കൃത സർവകലാശാലയിൽ വിസിയെ നിയമിക്കുന്നത് ഗവർണർ എതിർത്തു.

കുഫോസിലെ വിസി നിയമന നടപടികൾ ഹൈക്കോടതിയിൽ അംഗീകരിച്ച ഗവർണർ, കാലടി സർവകലാശാലയുടെ കാര്യത്തിൽ മലക്കം മറിഞ്ഞത്, ചില നിക്ഷിപ്ത താൽപര്യങ്ങളുടെ പുറത്താണ് എന്ന ആക്ഷേപം ശക്തമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News