തണുപ്പല്ലേ… നിങ്ങൾക്ക് വരണ്ട ചർമമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ചർമത്തിന് ഏറ്റവുമധികം ശ്രദ്ധ കൊടുക്കേണ്ട സമയമാണ് മഞ്ഞുകാലം. തണുത്ത കാലാവസ്ഥ നിങ്ങളുടെ ചർമത്തെ വരണ്ടതും മങ്ങിയതുമാക്കും. ഡിസംബർ ജനുവരി മാസങ്ങൾ പൊതുവെ ചർമസംരക്ഷണത്തിന് പ്രാധാന്യം കൂടുതൽ നൽകേണ്ട സമയമാണ്. ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ് ചര്‍മസംരക്ഷണം.

അതില്‍ വരണ്ട ചർമം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ചർമത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചര്‍മമുള്ളവര്‍ വെള്ളം ധാരാളം കുടിക്കണം. ഇത് ചര്‍മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വരണ്ട ചർമക്കാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇവയാണ്.

  • ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് സോയ. സോയബീന്‍സ് കൊണ്ട് തയ്യാറാക്കുന്ന എല്ലാ ഭക്ഷണങ്ങളിലും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മത്തിന്‍റെ ആരോഗ്യത്തിന് ഇവ നല്ലതാണ്. ഇതിനു പുറമേ ഫൈബറിന്റെ കലവറയാണ് സോയ. ഇത്തരത്തില്‍ ഫൈബറും പോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

  • വരണ്ട ചര്‍മമുള്ളവര്‍ നട്സും ഡ്രൈ ഫ്രൂട്സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പോഷകങ്ങള്‍ അടങ്ങിയ ഇവ ചര്‍മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  • തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ തക്കാളി ചര്‍മത്തെ യുവത്വത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. പ്രായമാകുന്നതിന്റെ ഭാഗമായി ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാനും തക്കാളിക്ക് കഴിയും.

  • വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സിട്രിസ് വിഭാഗത്തില്‍പ്പെടുന്ന പഴങ്ങള്‍ ചര്‍മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും നല്ല തിളക്കമുള്ള ചര്‍മമാക്കി മാറ്റാനും സഹായിക്കും. അതിനാല്‍ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടത്താം.

  • മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സായ ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും തിളക്കമുള്ള ചര്‍മത്തെ സ്വന്തമാക്കാനും സഹായിക്കും. വിറ്റാമിന്‍ ഡിയും അടങ്ങിയ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഏറേ നല്ലതാണ്.

  • പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളായ ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉൾപ്പെടുത്താം.

  • പോഷകങ്ങളുടെ കലവറയായ മുട്ട ചര്‍മത്തിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.

ഇനി മഞ്ഞുകാലത്ത് നിങ്ങൾ നിർബന്ധമായും പാലിക്കേണ്ട ചില ചർമസംരക്ഷണ ടിപ്‌സുകൾ പറയാം..

1. ചർമം ശുദ്ധീകരിക്കാനായി ക്ലെൻസർ ഉപയോഗിക്കുക
മഞ്ഞുകാലം ക്രീം ക്ലെൻസറുകളിലേക്ക് മാറാനുള്ള സമയമാണ്. എണ്ണ അടിസ്ഥാനമാക്കിയുള്ള ഫോമിംഗ് ക്ലെൻസറാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിന് പകരമായി ശുദ്ധമായ എണ്ണ ഉപയോഗിച്ച് ചർമം വൃത്തിയാക്കാൻ ശ്രമിക്കുക. ഗ്രൗണ്ട് ഓട്‌സ് മീൽ സ്‌ക്രബ് തേൻ ചർമ്മത്തെ സ്വാഭാവികമായി വൃത്തിയാക്കാൻ സഹായിക്കുന്നു. അതിനായി കുറച്ച് ഉണങ്ങിയ ഓട്സ് പൊടിച്ച് പാലിൽ കലർത്തി തേനുമായി യോജിപ്പിക്കുക. ഈ മിശ്രിതം നാച്ചുറലായുള്ള സ്ക്രബായി ഉപയോഗിക്കാവുന്നതാണ്.

2. ദിവസത്തിൽ രണ്ടുതവണയെങ്കിലും മോയ്സ്ചറൈസ് ചെയ്യുക
മഞ്ഞുകാലത്ത് ചർമ്മത്തിലെ ഈർപ്പം വളരെ എളുപ്പത്തിൽ നഷ്ടപ്പെടുന്നതിനാൽ ചൂടുള്ള ഷവറിന് ശേഷം ഉടൻ തന്നെ നല്ല മോയ്‌സ്ചുറൈസർ ഉപയോഗിക്കുക. ഈർപ്പം തടയാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഹൈഡ്രേറ്റിംഗ് മാസ്‌ക് പുരട്ടി വരണ്ട ചർമ്മം സംരക്ഷിക്കുക.

3. എല്ലാ ദിവസവും സൺസ്ക്രീൻ ധരിക്കുക

ശീതകാലത്ത് സൂര്യപ്രകാശമേൽക്കുന്നത് ചർമ്മത്തിന് കൂടുതൽ ദോഷകരമാണെന്നതിനാൽ ഇത് ചർമത്തിന്‍റെ പിഗ്‌മെന്‍റേഷൻ വർദ്ധിപ്പിക്കുകയും, ചർമ്മത്തിന് പ്രായക്കൂടുതൽ തോന്നിക്കാൻ കാരണമാകുന്നു.

4. രാത്രിയിൽ പുരട്ടുന്നതിനായി നൈറ്റ് ക്രീം തിരഞ്ഞെടുക്കുക
ചർമ്മം സ്വയം നന്നാക്കുന്ന സമയമാണ് രാത്രി. പിഗ്മെന്‍റേഷൻ കുറയ്ക്കുന്നതോ അല്ലെങ്കിൽ ആന്‍റി-ഏജിംഗിന് സഹായകമായതോ ആയിട്ടുള്ള ഒരു നൈറ്റ് ക്രീം തിരഞ്ഞെടുക്കാൻ ശ്രമിക്കുക

5. വെള്ളം നന്നായി കുടിക്കുക

മഞ്ഞു കാലത്ത് വിയർക്കുന്നില്ലെന്നു കരുതി വെള്ളം കുടിക്കുന്ന അളവിൽ യാതൊരു കുറവും വരുത്തരുത്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും 8 ഗ്ലാസിൽ കുറയാത്ത വെള്ളം നിർബന്ധമായും കുടിക്കേണ്ടതാണ്. വെള്ളം കുടിക്കുന്നതിന്‍റെ അഭാവം ചർമ്മത്തിൽ ഉടനടി കാണാൻ സാധിക്കും. ഇത് നിങ്ങളുടെ ചർമ്മത്തെ മങ്ങിയതാക്കും.

6. ശരിയായ നേരത്ത് കഴിക്കുക
.ശീതകാലം വിശപ്പുണ്ടാക്കും. ലഘുഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ഉണങ്ങിയ പഴങ്ങളും പരിപ്പും കഴിക്കുക. ശൈത്യകാലത്ത് നിങ്ങളുടെ ശരീരത്തിന് ഊഷ്മളതയും ആരോഗ്യവും നൽകുന്ന പച്ച ഇലക്കറികൾ, പഴങ്ങൾ, തിനകൾ എന്നിവ ഉൾപ്പെടുത്താൻ മറക്കരുത്.

7. വ്യായാമം ശീലമാക്കുക
തിളങ്ങുന്ന ചർമ്മത്തിന്‍റെ താക്കോലാണ് വ്യായാമം. വിയർപ്പ് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. നിങ്ങൾ എത്രയധികം ജോലി ചെയ്യുകയും വിയർക്കുകയും ചെയ്യുന്നുവോ അത്രയധികം ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

8.നന്നായി ഉറങ്ങുന്നത് സൗന്ദര്യം വർദ്ധിപ്പിക്കും

നന്നായി ഉറങ്ങുന്നതിലൂടെ ചർമത്തിലെ ഇരുണ്ട വൃത്തങ്ങളും കരുവാളിപ്പുകളും ചർമ്മ വൈകല്യങ്ങളും കുറയും.മഞ്ഞുകാലത്ത് ചർമ്മത്തിന് ശരിയായ സംരക്ഷണം നല്കിയാൽ കൂടുതൽ പ്രസന്നതയോടെ തേജസ്സോടെ ചെറുപ്പമായിരിക്കുവാനും വരൾച്ച ഒഴിവാക്കുവാനും കഴിയും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News