മെഡിക്കല്‍ കോളേജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമൊരുക്കണം; ഹൈക്കോടതി

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ രാത്രി പോസ്റ്റ്‌മോർട്ടത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കരുത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രാത്രി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം.

രാത്രി പോസ്റ്റ്‌മോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ട് വച്ച കാരണങ്ങൾ സ്വീകാര്യമല്ല. സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കൂടി കണക്കിലെടുത്ത് ഫോറൻസിക് സർജൻമാർ സഹകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ പറഞ്ഞു.

അസ്വാഭാവിക മരണങ്ങളിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കാൻ സർക്കാർ സൗകര്യം ചെയ്യണം, ചെലവ് സർക്കാർ വഹിക്കണം.

മരിച്ചയാളുടെ ബന്ധുക്കൾ മൃതദേഹത്തിനായി ആശുപത്രിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കണം. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് സമയപരിധി നിശ്ചയിക്കണം, താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. സമയപരിധി തീരുമാനിക്കാൻ ആറുമാസത്തിനകം ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News