കടൽ മാർഗ്ഗം ആയുധ – ലഹരിക്കടത്ത് നടന്ന കേസ്; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

കടൽ മാർഗ്ഗം ആയുധ – ലഹരിക്കടത്ത് നടന്ന കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ശ്രീലങ്കൻ സ്വദേശികളായ 9 പേരാണ് പ്രതികൾ. മയക്കുമരുന്ന് വില്പനയിലൂടെ പണം സമ്പാദിച്ച് എൽ ടി ടി ഇ യെ പുനരുജ്ജീവിപ്പിക്കാൻ പ്രതികൾ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

കഴിഞ്ഞ ഏപ്രിലിലാണ് പാകിസ്താനിലെ മക്രാൻ തീരത്തു നിന്നും ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ബോട്ട് അറബിക്കടലിൽ വെച്ച് തീരസംരക്ഷണ സേന പിടികൂടിയത്.ബോട്ടിൽ നിന്ന് 3000 കോടി രൂപയുടെ മയക്കുമരുന്നും എ കെ 47 തോക്കുകളും പിടികൂടിയിരുന്നു.

ബോട്ടിലുണ്ടായിരുന്ന 5 ശ്രീലങ്കൻ സ്വദേശികളെ പിന്നീട് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തീവ്രവാദ ബന്ധം തെളിഞ്ഞത്.പിന്നീട് എൻ ഐ എ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.ഇതോടെ കേസിൽ കൂടുതൽ പേരുടെ പങ്ക് പുറത്തുവന്നു.ഇതിനിടെയാണ് അങ്കമാലിയിൽ ഒളിവിൽ കഴിയുകയായിരുന്ന ശ്രീലങ്കൻ സ്വദേശി സുരേഷ് രാജും ഇയാളുടെ സഹോദരനും പിടിയിലാകുന്നത്.

കടൽ വഴിയുള്ള മയക്കുമരുന്ന് ആയുധക്കടത്തിൽ ഇവർക്കും പങ്കുള്ളതായി തെളിഞ്ഞതിനെത്തുടർന്ന് ഇവരെയും എൻ ഐ എ അറസ്റ്റ് ചെയ്യുകയായിരുന്നു. സുരേഷ് രാജിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളുടെ എൽ ടി ടി ഇ ബന്ധം വെളിവാകുന്നത്.

വേലുപ്പിള്ള പ്രഭാകരൻ്റെ മരണത്തോടെ നിർജ്ജീവമായ എൽ ടി ടി ഇ യെ പുനരുജ്ജീവിപ്പിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. ഇതിനായി ധന സമാഹരണത്തിനു വേണ്ടിയായിരുന്നു മയക്കുമരുന്ന് ആയുധ ക്കടത്ത് നടത്തിയിരുന്നതെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞിരുന്നു.

പാക്ക് പൗരനായിരുന്നു ഇതിൻ്റെ സൂത്രധാരൻ എന്നും ഹവാല ഇടപാടുകൾ നടന്നിരുന്നതായും സുരേഷ് രാജ് മൊഴി നൽകിയിരുന്നു. അന്വേഷണം പൂർത്തിയാക്കിയ എൻ ഐ എ കൊച്ചി എൻ ഐ എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

എൽ ടി ടി ഇ യെ പുനരുജ്ജീവിപ്പിക്കുന്നതിന് പണം സമ്പാദിക്കുന്നതിനായി പ്രതികൾ ലഹരിക്കടത്ത് നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

പ്രതികളായ 9 പേരും ശ്രീലങ്കൻ സ്വദേശികളാണ്.ഇതിനു പുറമെ രണ്ട് ശ്രീലങ്കക്കാരും ഒരു പാക്ക് പൗരനും പിടിയിലാകാനുണ്ടെന്നും കുറ്റപത്രത്തിൽ എൻഐ എ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News