കെ റെയിൽ കേരളത്തിനാവശ്യം; വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ റെയിൽ പദ്ധതി കേരളത്തിനാവശ്യമാണെന്നും വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിൻറെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പാർട്ടിയെന്നവകാശപ്പെടുന്ന കോൺഗ്രസിൽ തെരഞ്ഞെടുപ്പില്ല. ഗണപതി കല്യാണം പോലെയാണ് കോൺഗ്രസിൻ്റെ സംഘടനാ തെരഞ്ഞെടുപ്പ്. ബി ജെ പിയിലും തെരഞ്ഞെടുപ്പില്ല. മുസ്ലീം ലീഗ് നേതൃത്വത്തെ തീരുമാനിക്കുന്നത് പാണക്കാട്ടെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.

സർവ്വനാശത്തിലേക്കാണ് ബി ജെ പി സർക്കാർ രാജ്യത്തെ നയിക്കുന്നത്. മത ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരൻമാരാക്കി മാറ്റിയാണ് ബി ജെ പി സർക്കാർ പൗരത്വ ഭേദഗതി അവതരിപ്പിച്ചത്. രാജ്യത്ത് മുസ്ലീംങ്ങൾക്ക് ഭയപ്പാടോടെ ജീവിക്കേണ്ട അവസ്ഥയാണുള്ളത്.

കർഷകർ മോദി സർക്കാരിനെ മുട്ടുകുത്തിച്ചു. കർഷക സമരം വിജയമായത് സ്വതന്ത്ര ഇന്ത്യയിൽ പുതു ചരിത്രം സൃഷ്ടിച്ചു. തൊഴിൽ സുരക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറി. സ്ത്രീ സുരക്ഷിതത്വമില്ലാത്ത രാജ്യമായി മാറി. ബി ജെ പി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ പോരാട്ടം തുടങ്ങണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

തോൽപ്പിക്കാൻ പറ്റാത്ത പാർട്ടിയല്ല ബി ജെ പി. മതനിരപേക്ഷ രാഷ്ട്രമായി മാറ്റാനാണ് സി പി ഐ (എം) ശ്രമം. ബി ജെ പി യ്ക്ക് ബദലാവാൻ കോൺഗ്രസിന് കഴിയുന്നില്ല. രണ്ട് കൂട്ടർക്കും ഒരേ നിലപാടാണുള്ളത്. എ ഐ സി സി യുടെ നിലപാടാണൊ രാഹുൽ ഗാന്ധി ജയ്പൂരിൽ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

രാഹുൽ പറഞ്ഞത് ബോധപൂർവ്വം. കോൺഗ്രസ് മുക്ത ഇന്ത്യയല്ല ലക്ഷ്യം എന്ന് ആർ എസ് എസ് നേതാവ് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് ഹിന്ദുക്കൾക്ക് വേണ്ടി നിൽക്കണം എന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രസംഗവുമായി ഇതിന് ബന്ധമുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ആർ എസ് എസ് താൽപ്പര്യം രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്നു. രാജ്യത്ത് ആർ എസ് എസും കോൺഗ്രസും മതി എന്നാണ് സംഘപരിവാർ നിലപാട്. ഇതിനോട് കോൺഗ്രസും യോജിക്കുന്നു. മുസ്ലീം വികാരം ആളിക്കത്തിക്കാനാണ് ലീഗ് ശ്രമം.ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ് ലീഗിനെ നയിക്കുന്നത്.

ഹിന്ദു വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ നയിക്കുന്നത് ആർ എസ് എസിൻ്റെ പ്രത്യയ ശാസ്ത്രമാണ്. കേരളത്തിൽ ഒറ്റപ്പെട്ട ബി ജെ പി യ്ക്ക് തിരിച്ചു വരാനുള്ള അവസരമാണ് കോൺഗ്രസും ലീഗും ചേർന്ന് ഒരുക്കുന്നത്. പൗരത്വ ഭേദഗതി നിയമം വന്നപ്പോൾ ലീഗിൻ്റെ സമീപനം എന്തായിരുന്നു ? ആർ എസ് എസിനെതിരെ ഒന്നും മിണ്ടിയില്ല. വഖഫ് ബോർഡ് പറഞ്ഞിട്ടാണ് നിയമനം പി എസ് സി യ്ക്ക് വിടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനാണ് ലീഗ് കോഴിക്കോട്ടെ സമ്മേളനം ഉപയോഗിച്ചത്.

മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു. മതത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗ് എന്ന് ആ സമ്മേളനത്തിൽ തെളിയിച്ചു.
എല്ലാ മതവിശ്വാസികൾക്കും സുരക്ഷിതമായ ഇടമാണ് കേരളം.അതിനാൽ ലീഗിൻ്റെ പ്രചരണം വിലപ്പോവില്ല. വഖഫ് വിഷയം ചർച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂ. ഉടൻ തീരുമാനമെടുക്കണമെന്ന പിടിവാശി സി പി ഐ എമ്മിനില്ല. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞതിനാലാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് വീണ്ടും അധികാരത്തിലെത്താൻ കഴിഞ്ഞതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

കെ റെയിൽ പദ്ധതി കേരളത്തിനാവശ്യമാണ്.പാരിസ്ഥിതികാഘാതം കുറഞ്ഞ പദ്ധതിയാണിത്. സ്ഥലം വിട്ടുകൊടുത്ത ആർക്കും ദുഃഖിക്കേണ്ടി വരില്ല.കെ റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ല. ശബരിമല വിമാനത്താവള പദ്ധതി തടസ്സപ്പെടുത്താൻ കോൺഗ്രസും ബി ജെ പിയും ഒത്തുകളിക്കുകയാണ്. വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News