മലയാളി പൊലീസ് ഓഫീസർമാരുടെ ഹോളിഡേ പാർട്ടി ആകർഷകമായി; വൻ പ്രാതിനിധ്യം

അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് (AMLEU) ക്വീൻസിലെ വേൾഡ്സ് ഫെയർ മറീനയിൽ വച്ച് ഡിസംബർ 9-ന് ഹോളിഡേ പാർട്ടി ആകർഷകമായി. ജീവകാരുണ്യത്തിന്റെയും സേവനത്തിന്റെയും അവിസ്മരണീയ വർഷത്തിന്റെ ഓർമ്മകൾ ചടങ്ങിൽ ആഘോഷപൂർവം കൊണ്ടാടി.

മലയാളിയായ യുഎസ് എയർഫോഴ്സ് മേജർ ജോഫിൽ ജോജോ ഫിലിപ്സ് ആയിരുന്നു മുഖ്യ പ്രഭാഷകൻ. അഫ്ഗാൻ യുദ്ധത്തിൽ പരിക്കേറ്റ അദ്ദേഹം, ‘പർപ്പിൾ ഹാർട്ട്’ ബ്രോൺസ് സ്റ്റാർ, ബഹുമതികൾ നേടി. സ്തുത്യർഹ സേവനത്തിന് കോംബാറ്റ് ആക്ഷൻ ബാഡ്ജും ലഭിച്ചിട്ടുണ്ട്.

അമേരിക്കൻ സേനയിൽ യുദ്ധത്തിൽ പരിക്കേറ്റ ആദ്യ മലയാളി എന്ന് കരുതാം. സംഘടന അദ്ദേഹത്തിന് ഓണററി അംഗത്വം നൽകി. ഡ്യൂട്ടിക്കിടെ മരണമടഞ്ഞ ന്യൂജേഴ്‌സിയിലെ ടീനെക്ക് നഗരത്തിലെ പോലീസ് ഓഫീസർ ജോൺ എബ്രഹാം ജൂനിയറിനും ന്യൂയോർക്കിലെ സബ്‌വേ ട്രെയിൻ ഓപ്പറേറ്ററായ ടോബിൻ മഠത്തിലിനും മാത്രമേ ഇതിനുപുറമേ ഓണററി അംഗത്വം നൽകിയിട്ടുള്ളൂ. വംശീയ വിദ്വേഷത്തിന്റെ പേരിൽ ട്രാക്കിലേക്ക് തള്ളിയിട്ട ഒരാളെ രക്ഷിക്കാൻ ട്രെയിൻ നിർത്തി മലയാളികൾക്ക് അഭിമാനമായി മാറിയ യുവാവാണ് ടോബിൻ മഠത്തിൽ.

ടെക്‌സാസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ക്യാപ്റ്റൻ നാസിർ അബാസിയെയും ആദരിച്ചു. രാജ്യത്തെ ഷെരീഫ് ഡിപ്പാർട്മെന്റുകളിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ദക്ഷിണേഷ്യൻ ആണ് അദ്ദേഹം.

ന്യൂജേഴ്‌സിയിലെ അസംബ്ലിമാൻ സ്റ്റെർലി സ്റ്റാൻലി, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ടെക്സാസിലെ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ.

എ.എം.എൽ.ഇ.യു. ചാപ്ലെയിൻ റവ. ഫാദർ ഡെനിസ് മത്തായി പ്രാർത്ഥന നടത്തി. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്കും നിയമപാലകർക്കും വേണ്ടി ഒരുനിമിഷം മൗനം ആചരിച്ചു. ഓഫീസർ ജോൺ എബ്രഹാം ജൂനിയറിനെയും ഇന്ത്യൻ ആർമി ജനറൽ ബിപിന്‍ റാവത്തിനെയും അടുത്തിടെ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ മറ്റുള്ളവരെയും അനുസ്മരിച്ചു.

പ്രസിഡന്റ് തോമസ് ജോയ് (തമ്പാൻ) സൊസൈറ്റിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ഭാവിയിലേക്കുള്ള പ്രതീക്ഷയും പങ്കുവച്ചു. വിവിധ അംഗീകാരങ്ങളും ഉപഹാരങ്ങളും അവാർഡുകളും നൽകുകയും ചെയ്തു.

വേൾഡ് ട്രേഡ് സെന്ററിലെ അമേരിക്കൻ പതാകയും സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ന്യു യോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് ഏജന്റ് മാത്യു താന്നിക്കലിന്റെ കുടുംബത്തിന് ഈ പതാക നൽകി. 9/11 ഭീകരാക്രമണത്തെ തുടർന്ന് വേൾഡ് ട്രേഡ് സെന്ററിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ മലയാളിയാണ് മാത്യു. അവിടത്തെ പുക ശ്വസിച്ച് അസുഖം ബാധിച്ചാണ് ഈ വർഷം ആദ്യം മാത്യു മരണപ്പെട്ടത്.

ഇല്ലിനോയിയിലെ ബ്രൂക്ക്ഫീൽഡ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ മൈക്ക് കുരുവിളയുടെ നിയമനത്തോടെ ആദ്യമായി ഒരു മലയാളി അമേരിക്കൻ പോലീസ് മേധാവിയെ ലഭിച്ചതിന്റെ സന്തോഷം അദ്ദേഹം ഊന്നിപ്പറഞ്ഞു.

മലയാളികളായ ലിജു തോട്ടം, ഷിബു മധു എന്നിവരിലൂടെ NYPDക്ക് ആദ്യമായി രണ്ട് സൗത്ത് ഏഷ്യൻ അമേരിക്കൻ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർമാരെ ലഭിച്ചതും ചൂണ്ടിക്കാട്ടി.

ന്യു യോർക്ക് പൊലീസിലെ ആദ്യ മലയാളി ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ( NYPD) ഈ വർഷം ആദ്യം വിരമിച്ചതും അറിയിച്ചു. അടുത്ത 4 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ സമൂഹത്തിൽ നിന്ന് ന്യു യോർക്ക് സിറ്റി പോലീസിൽ ഒരു ഡെപ്യൂട്ടി ചീഫ് ഉണ്ടായിരിക്കണമെന്നു തമ്പാൻ അഭിപ്രായപ്പെട്ടു.

1990-ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച നിലവിലെ NYPD സർജൻറ് ജോൺ രാജനും വിരമിച്ച NYPD സർജന്റ് ടോം ആന്റണിയും വേദിയിൽ സന്നിഹിതരായിരുന്നു.

ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ആദ്യ മലയാളി റിട്ട. സാർജന്റ് ടോമി മെതിപ്പാറ, NYPD-യിലെ ആദ്യ മലയാളി വനിത ഡിറ്റക്ടീവ് ബിനു പിള്ള-അബ്ദുൾ, ഫെഡറൽ ഗവൺമെന്റിലെ ആദ്യ വനിതാ അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ നീന ഫിലിപ്‌സ്, ന്യൂയോർക്ക് സിറ്റി കറക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ ആദ്യ വനിതാ ഓഫീസർ റൂബി കോശി എന്നിവരുൽപ്പടെ വിവിധ സ്റ്റേറ്റുകളിൽ നിന്ന് ഒട്ടേറെ അതിഥികൾ പങ്കെടുത്തു.

വിനോദപരിപാടികളിൽ മൊക്കോ ജംബി നർത്തകരും ബെല്ലി ഡാൻസേഴ്സ്സും അതിഥികളെ വിസ്മയിപ്പിച്ചു. ഡിജെ ചാക്കോയുടെ മ്യൂസിക്കിന് ഡാൻസ് ഫ്ലോറിൽ അതിഥികൾ ചുവടുവച്ചു.

ചാരിറ്റി പ്രവർത്തനങ്ങൾ, കോളേജ് സ്കോളർഷിപ്പുകൾ എന്നിവയ്ക്കായി സംഘടന ഈ വർഷം $70,000 സമാഹരിച്ചു.

കൊവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ പുനലൂരിൽ നിന്നുള്ള മഴവില്ല് എന്ന പ്രാദേശിക ചാരിറ്റി ഗ്രൂപ്പുമായി ചേർന്നായിരുന്നു പ്രവർത്തനം. കൂടാതെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പണം നൽകി. അമേരിയ്ക്കയിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി.

ഇതിനു പുറമെ മറ്റു സംഘടനകളുമായി ചേർന്ന് നീതിനിർവഹണത്തെക്കുറിച്ചും ജോലിസാധ്യതകളെപ്പറ്റിയും ബോധവൽക്കരിക്കാനും സംഘടന ശ്രമങ്ങൾ നടത്തുന്നു.

AMLEU വിൽ അംഗത്വമുള്ളവർക്ക് തൊഴില്പരമോ കുടുംബപരമോ ആയ അടിയന്തര സാഹചര്യങ്ങളിൽ എല്ലാവിധ സഹായവും പിന്തുണയും സംഘടന നൽകും. ജോലിയിൽ കൂടുതൽ ഉന്നമനത്തിനുള്ള വഴികളും അറിയിക്കും. ഒരേ തൊഴിൽ മേഖലയിലുള്ളവരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സംഘടനയിലെ അംഗത്വം കൊണ്ട് സാധിക്കും

2022-ൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി പ്രോജക്ടുകൾ എന്നിവ ലക്ഷ്യമിടുന്നു.

മലയാളി അമേരിക്കൻ ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരടങ്ങുന്ന ലാഭേച്ഛയില്ലാത്ത ദേശീയ ചാരിറ്റി സംഘടനയാണ് AMLEU. നിയമ നിർവ്വഹണ രംഗത്തെ സാഹോദര്യ സംഘടനയായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി 2020-ൽ സ്ഥാപിതമായത്. രാജ്യത്തുടനീളമുള്ള ഫെഡറൽ, സ്റ്റേറ്റ്, കൗണ്ടി, സിറ്റി, വില്ലേജ് നിയമ നിർവ്വഹണ ഏജൻസികളിൽ നിന്ന് ഏകദേശം 130 അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്. സംഘടനയ്ക്കുള്ളിൽ 40-ലധികം വകുപ്പുകളെ പ്രതിനിധീകരിക്കുന്നവരുണ്ട്.

പോലീസ് മേധാവികൾ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർമാർ, ക്യാപ്റ്റൻമാർ, ലെഫ്റ്റനന്റ്‌മാർ, സെർജന്റ്‌സ്, ഡിറ്റക്ടീവുകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. മിലിട്ടറിയിലെ വിമുക്ത ഭടന്മാരും സേവനത്തിൽ ഉള്ളവരുമായി അംഗങ്ങളുമുണ്ട്.

അംഗങ്ങൾക്ക് മലയാള ഭാഷ, സംസ്കാരം, ആചാരങ്ങൾ, പാചകരീതികൾ എന്നിവയെക്കുറിച്ചുള്ള ധാരണ വളർത്താനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമായി നിലകൊള്ളും.

AMLEU യുടെ നേതൃത്വം:

പ്രസിഡന്റ് – തോമസ് ജോയ് (തമ്പാൻ) – പോലീസ് ഓഫീസർ, സഫോക്ക് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റ്, ലോംഗ് ഐലൻഡ്, ന്യൂയോർക്ക്
വൈസ് പ്രസിഡന്റ് – ഷിബു ഫിലിപ്പോസ് – ക്യാപ്റ്റൻ, മേരിലാൻഡ്-നാഷണൽ ക്യാപിറ്റൽ പാർക്ക് പോലീസ്, മേരിലാൻഡ്
സെക്രട്ടറി – നിധിൻ എബ്രഹാം – ലെഫ്റ്റനന്റ്, NYPD, ന്യൂയോർക്ക്
ട്രഷറർ – നോബിൾ വർഗീസ് – സർജന്റ്, NY/NJ പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് സർജന്റ്-അറ്റ്-ആംസ് – ഉമ്മൻ സ്ലീബ – സാർജന്റ്, ചിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ്, ഇല്ലിനോയി

സോഷ്യൽ മീഡിയ മാനേജർ, ജനറൽ കൗൺസൽ, ചാപ്ലെയിൻ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ നിന്നുള്ള ട്രസ്റ്റികൾ സൊസൈറ്റിക്ക് ഉണ്ട്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദികനാണ് ചാപ്ലയിൻ റവ. ഫാദർ ഡെന്നിസ് മത്തായി.

AMLEU-ലേക്കുള്ള എല്ലാ സംഭാവനകൾക്കും നികുതിയിളവ് ലഭിക്കും. അംഗത്വത്തിനും സംഭാവനകൾക്കും സ്പോൺസർഷിപ്പുകൾക്കും amleu.org സന്ദർശിക്കുക

ആളുകളെ കാണാതാകുന്ന കേസുകൾ, പൊലീസ് കേസുകൾ,പൊലീസ് റിപോർട്ടുകൾ, ഗാർഹീക പീഡനം, കുടിയേറ്റ പ്രശ്നങ്ങൾ, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളെക്കുറിച്ചും സാധാരണക്കാരുടെ സംശയങ്ങൾ പരിഹരിക്കാനും സംഘടന എന്നും മുന്നിൽ തന്നെയുണ്ട്.

ഗൗരവ് അറോറയുടെ EZZ മോർട്ട്ഗേജായിരുന്നു പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News