അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേഷിനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി വനിതാ അംഗങ്ങള്‍

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ കെ ആര്‍ രമേഷ് കുമാറിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം. രമേഷ് കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ അടക്കം സഭയുടെ നടുത്തളത്തിലിറങ്ങി. അതേസമയം, മാപ്പ് പറഞ്ഞ് തടിയൂരാനാണ് രമേഷ് കുമാറിന്റെ ശ്രമം.

കര്‍ണാടക അസംബ്ലിയില്‍ കര്‍ഷക പ്രതിഷേധം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ കെ ആര്‍ രമേഷ് കുമാറിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുണ്ടായത്. ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്ന രമേശ് കുമാറിന്റെ പരാമര്‍ശത്തെ വിമര്‍ശിക്കേണ്ടതിന് പകരം സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്‌ഗെയും മറ്റ് പുരുഷ അംഗങ്ങളും പൊട്ടിച്ചിരിക്കുകയാണുണ്ടായത്.

രമേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉടലെടുത്തിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ് തലയൂരാനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിക്കുന്നത്. ബലാത്സംഗത്തെ കുറിച്ച് നിയമസഭയില്‍ താന്‍ നടത്തിയ പരാമര്‍ശം തികച്ചും ഉദാസീനവും അശ്രദ്ധവും ആണ്.

എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ സ്പീക്കറായിരുന്നപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വിമര്‍ശനം നേരിട്ടയാളാണ് രമേഷ് കുമാര്‍.

സഭാ നടപടി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ വനിതാ അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സഭയുടെ നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ അടക്കം പ്രതിഷേധിച്ചു. രമേഷ് കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന നിലപാടിലാണ് വനിതാ അംഗങ്ങള്‍.

രമേഷ് കുമാറും കര്‍ണാടക നിയമസഭാ സ്പീക്കറും തമ്മില്‍ സഭയില്‍ നടത്തിയ ആക്ഷേപകരവും വിവേക ശൂന്യവുമായ പ്രസ്താവനകളെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News