‘ഇ ശ്രീധരനെ തോല്‍പ്പിച്ചത് പാര്‍ട്ടി’; ബി ജെ പി നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് പി ആര്‍ ശിവശങ്കര്‍

ബി ജെ പി നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് മുന്‍ വക്താവ് പി ആര്‍ ശിവശങ്കര്‍. ഇ ശ്രീധരനെ തോല്പിച്ചത് പാര്‍ട്ടിയാണെന്ന് ശിവശങ്കര്‍ ആരോപിച്ചു. ശ്രീധരനോട് മാപ്പ് ചോദിക്കുന്നതായും ശിവശങ്കര്‍ എഫ് ബി പോസ്റ്റില്‍ കുറിച്ചു.ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ശിവശങ്കറിനെ നേരത്തെ വക്താവ് സ്ഥാനത്തു നിന്ന് മാറ്റുകയും പിന്നീട് സംസ്ഥാന സമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

തന്റെ എഫ് ബി പോസ്റ്റിലൂടെ ബി ജെ പി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ് മുന്‍ വക്താവ് പി ആര്‍ ശിവശങ്കര്‍.പാലക്കാട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ ശ്രീധരന്റെ തോല്‍വി ചൂണ്ടിക്കാട്ടിയാണ് ഇത്തവണ നേതൃത്വത്തിനു നേരെയുള്ള വിമര്‍ശനം.ശ്രീധരനെ തോല്‍പ്പിച്ചത് പാര്‍ട്ടിയാണെന്ന് ശിവശങ്കര്‍ തുറന്നടിച്ചു.

ഇക്കാര്യത്തില്‍ ശ്രീധരനോട് മാപ്പു ചോദിക്കുന്നതായും ശിവശങ്കര്‍ എഫ് ബിയില്‍ കുറിച്ചു.ഇ ശ്രീധരന്‍ രാഷ്ട്രീയം വിടരുതെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേ സമയം ശിവശങ്കറിനെ പിന്തുണച്ചും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചും നിരവധി കമന്റുകള്‍ ശിവശങ്കറിന്റെ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.

നില്‍ക്കുന്നിടം നന്നായിട്ട് പോരെ അദ്ദേഹത്തെ തിരിച്ച് വിളിക്കാന്‍ എന്നാണ് ഒരു കമന്റ്.തൊഴുത്തില്‍ക്കുത്ത് നടക്കുന്ന കേരളത്തിലെ ബി ജെ പി നേതാക്കളുടെ ഇടയിലേക്കാണൊ ശ്രീധരനെ വീണ്ടും ക്ഷണിക്കുന്നത് എന്നാണ് മറ്റൊരു കമന്റ്.സുരേന്ദ്രനെപ്പോലുള്ളവരെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.

ശിവശങ്കറിനെ ബി ജെ പി വക്താവ് സ്ഥാനത്തു നിന്നും മാറ്റിയതിനെത്തുടര്‍ന്ന് കെ സുരേന്ദ്രനെ പരിഹസിച്ച് ശിവശങ്കര്‍ നേരത്തെ എഫ് ബി പോസ്റ്റിട്ടിരുന്നു.ശ്രീ ശ്രീ സുരേന്ദ്രന്‍ ജി എന്നായിരുന്നു ശിവശങ്കറിന്റെ ട്രോള്‍.എന്നാല്‍ ഇതോടെ സംസ്ഥാന സമിതി അംഗത്വവും ശിവശങ്കറിന് നഷ്ടമായി.

എന്നാല്‍ മൂന്നാം തവണയാണ് സ്ഥാനം നഷ്ടമാകുന്നതെന്നും സ്ഥാനമില്ലെങ്കില്‍ വിഷമിച്ച് മരിക്കില്ലെന്നും ശിവശങ്കര്‍ വീണ്ടും എഫ് ബി പോസ്റ്റിലൂടെ തിരിച്ചടിച്ചിരുന്നു.വി മുരളീധരനും കെ സുരേന്ദ്രനും താല്‍പ്പര്യമുള്ളവരെ മാത്രമാണ് ഭാരവാഹികളാക്കുന്നതെന്ന ആക്ഷേപം പാര്‍ട്ടിയില്‍ നേരത്തെതന്നെ ശക്തമാണ്.ഇതിനിടെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടുള്ള മുന്‍ വക്താവിന്റെ എഫ് ബി പോസ്റ്റുകള്‍ നേതാക്കള്‍ക്ക് വലിയ തലവേദനയായി മാറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News