ബാങ്ക് സ്വകാര്യവത്ക്കരണം: ദ്വിദിന പണിമുടക്ക് വന്‍ വിജയം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നടന്ന രണ്ടു ദിവസത്തെ പണിമുടക്ക് വൻ വിജയം. പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും പത്ത് ലക്ഷം ഓഫീസർമാരും ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു.

രാജ്യത്ത് നിലവിൽ 12 ബാങ്കുകൾ മാത്രമാണ് പൊതുമേഖലയിലുള്ളത്. 28 പൊതുമേഖലാ ബാങ്കുകളെയാണ് ലയനങ്ങളിലൂടെ 12 ആയി ചുരുക്കിയത്. ലയന ശേഷം വ്യാപകമായി ശാഖകൾ അടച്ചുപൂട്ടി. ശാഖകളുടെ എണ്ണം കുറഞ്ഞതോടെ പൊതുജനങ്ങൾക്ക് ബാങ്കുകളിൽ നിന്ന് ലഭിച്ചിരുന്ന സേവനങ്ങൾക്കും വലിയ കുറവ് വന്നു. എന്നാൽ സേവന നിരക്ക് വൻതോതിൽ വർദ്ധിക്കുകയും ചെയ്തു.

രാജ്യത്തെ വാണിജ്യ ബാങ്കുകളിലെ 160 ലക്ഷം കോടിയുടെ നിക്ഷേപത്തിൽ 95 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളിലാണ്. നിക്ഷേപത്തിൽ 88 ശതമാനവും സാധാരണക്കാരുടെ പണമാണ്. എന്നാൽ വായ്പ നൽകിയ 112 ലക്ഷം കോടിയിൽ 88 ശതമാനവും 5 കോടിക്ക് മുകളിലും 52 ശതമാനം 500 കോടിക്ക് മുകളിലുമാണ്.

വൻകിട കുത്തകകൾ എടുക്കുന്ന വായ്പകളിൽ പലതും അവർ തിരിച്ചടക്കാതെ കിട്ടാക്കടമാക്കുകയാണ് പതിവ്. ഇങ്ങനെ വായ്പ എടുത്ത 13 കുത്തക മുതലാളിമാരുടെ 4.89 ലക്ഷം കോടി രൂപയിൽ 2.85 ലക്ഷം കോടിയും (64%) കഴിഞ്ഞ 3 വർഷക്കാലത്തിനിടെ എഴുതി തള്ളി.

വായ്പ എടുത്ത് മനപ്പൂർവ്വം തിരിച്ചടക്കാത്ത ഇത്തരം കുത്തക മുതലാളിമാരിൽ നിന്നും പണം പിടിച്ചെടുക്കാൻ നിയമനിർമ്മാണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിന് പകരം ബാങ്കുകളിലെ സാധാരണക്കാരന്റെ നിക്ഷേപവും അവർക്ക് കൊള്ളയടിക്കുന്നതിന് തുറന്ന് കൊടുക്കുകയാണ് ബാങ്ക് സ്വകാര്യവത്ക്കരണത്തിലൂടെ കേന്ദ്ര ഭരണാധികാരികൾ ചെയ്യുന്നത്. ഇതിനെതിരായി നടന്ന പണിമുടക്കിൽ ജീവനക്കാർ ആവേശത്തോടെ അണിചേർന്നു.

പണിമുടക്ക് ദിവസങ്ങളിൽ രാജ്യത്ത് നടന്ന പ്രതിഷേധ പരിപാടികളിൽ ജീവനക്കാരുടെ, വിശിഷ്യ പുതുതലമുറ ജീവനക്കാരുടെയും വനിതാ ജീവനക്കാരുടെയും വലിയ പങ്കാളിത്തമുണ്ടായി. രാജ്യത്തെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സർവ്വീസ് മേഖലാ സംഘടനകളും പണിമുടക്കിന് പിന്തുണ നൽകി. കർഷക സംഘടനകളും പണിമുടക്കിനെ പിന്തുണച്ചു. ലോക ട്രേഡ് യൂണിയനുകളുടെ ഫെഡറേഷൻ (WFTU) പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പാർലമെന്റ് കവാടത്തിൽ ജനപ്രതിനിധികളും പണിമുടക്കിന് പിന്തുണ നൽകി പ്രകടനം നടത്തി. സ്വകാര്യവത്ക്കരണ ബില്ല് അവതരിപ്പിക്കുന്ന പക്ഷം അനിശ്ചിതകാല പണിമുടക്കുൾപ്പെടെ നടത്തുന്നതിന് സംഘടനകൾ ആലോചിച്ചു വരികയാണ്.

കേരളത്തിലെ 7000 ശാഖകളിലെ 45000 ത്തോളം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു. പണിമുടക്ക് അത്യുജ്ജ്വല വിജയമാക്കിയ മുഴുവൻ ബാങ്ക് ജീവനക്കാരെയും ബി.ഇ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നതായി പ്രസിഡന്റ് ടി നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്എസ് അനിൽ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News