കുറുക്കന്‍ മൂലയില്‍ കടുവയെ പിടികൂടാൻ ഊര്‍ജിത ശ്രമങ്ങള്‍

വയനാട് കുറുക്കൻ മൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഊർജിത ശ്രമങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കടുവാ സന്നിധ്യം റിപ്പോർട്ട് ചെയ്‌ത ആദ്യ ദിവസം മുതൽ ശക്തമായ ഫീൽഡ് പട്രോളിംഗ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥർ മുതൽ 100 മുതൽ 125 – ഓളം വനം വകുപ്പ് ജീവനക്കാർ രാവും പകലും പ്രദേശത്ത് പട്രോളിംഗ് നടത്തി വരുന്നു.

127 വാച്ചർമാർ, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 29 ഫോറസ്റ്റർമാർ, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, 5 ഡി.എഫ്.ഒമാർ, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനായുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്.

കൂടാതെ, സീനിയർ ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയും മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി വരുന്നുണ്ട്. പ്രദേശത്ത് ഇതിനകം 36 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശത്ത് 5 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ നേതൃത്വത്തിൽ നടപടികൾ തുടരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ക്രമീകരിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട കന്നുകാലികളുടെ ഉടമസ്ഥർക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ നഷ്‌ടപരിഹാരം കണക്കാക്കി തുക നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഈ വിഷയത്തിൽ സർക്കാറിന്റെ വനം വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈക്കൊണ്ടു വരുന്ന നടപടികൾ ഹൈക്കോടതി കഴിഞ്ഞ 14, 16 തീയതികളിൽ വീഡിയോ കോൺഫറൻസ് വഴി വിലയിരുത്തുകയും ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്‌തി അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.

പൊതുജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ഭീതി സർക്കാർ പൂർണ്ണമായും മനസ്സിലാക്കി മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. പ്രദേശത്ത് ഉണ്ടായതായി പറയപ്പെടുന്ന മറ്റ് പ്രശ്‌നങ്ങളെകുറിച്ച് ആവശ്യമായ അന്വേഷണങ്ങൾ നടത്തുന്നതാണ്.

ഈ വിഷയത്തിൽ പൊതുജനങ്ങളുടെ ആശങ്ക ജീവനക്കാരും, രാവും പകലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ വിഷമതകൾ പൊതുജനങ്ങളും പരസ്‌പരം മനസ്സിലാക്കി സ്വയം നിയന്ത്രണം പാലിച്ച് പ്രധാന വിഷയത്തിന് പരിഹാരം കാണാനുള്ള വനം വകുപ്പിന്റെ നടപടികളോട് പൊതുജനങ്ങളും ജനപ്രതിനിധികളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News