കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത് 267 അനാഥ മൃതദേഹങ്ങള്‍

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എറണാകുളം ജനറലാശുപത്രിയിലെത്തിയത് 267 അനാഥ മൃതദേഹങ്ങള്‍.പഠനാവശ്യത്തിനായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറിയ വകയില്‍ ആശുപത്രിക്ക് ലഭിച്ചത് 62.4 ലക്ഷം രൂപ.വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങള്‍.

2017 ഓഗസ്റ്റ് ഒന്നു മുതല്‍ 2021 ഒക്ടോബര്‍ 31വരെ എറണാകുളം ജനറലാശുപത്രിയിലെത്തിയ അജ്ഞാത മൃതദേഹങ്ങളുടെ  കണക്കാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നത്.ഇക്കാലയളവില്‍ ആശുപത്രിയിലെത്തിയത് 267 മൃതദേഹങ്ങളാണ്.

അതായത് വര്‍ഷം തോറും ശരാശരി 66 അജ്ഞാത മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തുന്നുവെന്നര്‍ത്ഥം.ഓരോ വര്‍ഷം കഴിയുംതോറും അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം ഇത്തരത്തില്‍ കൂടുന്ന സാഹചര്യത്തെക്കുറിച്ച് സമഗ്രമായ പോലീസ് അന്വേഷണം ആവശ്യമാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല പറഞ്ഞു.

ജനറലാശുപത്രിയിലെത്തിയ 267 അജ്ഞാത മൃതദേഹങ്ങളില്‍ 156 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനാവശ്യത്തിനായി കൈമാറി.2 മൃതദേഹങ്ങള്‍ സര്‍ക്കാര്‍  മെഡിക്കല്‍ കോളേജിനും ബാക്കി 154 എണ്ണം സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കുമാണ് കൈമാറിയതെന്നും വിവരാവകാശ രേഖയിലുണ്ട്.

മൃതദേഹങ്ങള്‍ കൈമാറിയ വകയില്‍ ആശുപത്രിക്ക് ലഭിച്ചത് 62 ലക്ഷത്തി നാല്പതിനായിരം രൂപയാണ്.2008 ല്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഓരോ മൃതദേഹത്തിനും 40,000 രൂപ വീതം വാങ്ങിയാണ്  മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറുന്നത്.മോര്‍ച്ചറി,ഫോറന്‍സിക്ക് വിഭാഗം,എന്നിവയുടെ വികസന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രമെ ഇത്തരത്തില്‍ ലഭിക്കുന്ന തുക ഉപയോഗിക്കാവൂയെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

എറണാകുളം ജനറലാശുപത്രിയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൃതദേഹങ്ങള്‍ കൈമാറിയ വകയില്‍ ലഭിച്ച തുകയില്‍ നിന്ന് 4 ലക്ഷത്തി 96,998 രൂപ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ചതായും വിവരാവകാശ രേഖയില്‍ വ്യക്തമാക്കി്യിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News