മഹാരാഷ്ട്രയിൽ എട്ടുപേർക്കു കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ എട്ടുപേർക്കു കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ അവഗണിച്ചാൽ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ മുംബൈ നഗരത്തിൽ ഡിസംബർ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം കേരളത്തില്‍ 2 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.എ.ഇ.യിൽ നിന്നും എറണാകുളത്ത് എത്തിച്ചേർന്ന ഭർത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമൈക്രോൺ സ്ഥിരീകരിച്ചത്.

ഡിസംബർ 8ന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇരുവരും 11, 12 തീയതികളിൽ ആർടിപിസിആർ പരിശോധന നടത്തി. അതിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഇരുവർക്കും ഒമൈക്രോൺ സ്ഥിരീകരിച്ചത്.

ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 6 പേരും ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വന്ന 3 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ ആകെ 7 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഒമൈക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News