കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. പ്രതിദിന യാത്രക്കാരുടെ എണ്ണം 54000 കടന്നു. ഇതോടെ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ച് സര്‍വ്വീസുകളുടെ എണ്ണം കൂട്ടാനുളള തീരുമാനത്തിലാണ് കെഎംആര്‍എല്‍.

കൊവിഡും ലോക്ഡൗണും തളര്‍ത്തിയ കൊച്ചി മെട്രോ ഉഷാറാകുകയാണ്. പ്രതിദിന യാത്രക്കാരുടെ എണ്ണം 54,000 കടന്നും കൂകിപ്പായുകയാണ് കേരളത്തിന്‍റെ സ്വന്തം മെട്രോ. ആദ്യ ലോക്ഡൗണിനുശേഷം  സര്‍വീസ് ആരംഭിച്ചപ്പോള്‍ പ്രതിദിനം വെറും 18361 പേരായിരുന്നു യാത്ര ചെയ്തിരുന്നത്.

രണ്ടാം ലോക്ഡൗണിനുശേഷം അത് 26043 പേരായി ശുഭപ്രതീക്ഷ നല്‍കി. നവംബറില്‍ 41648 ആയി വര്‍ദ്ധിച്ചത് ഡിസംബറായതോടെ 54500 കടന്നു. വിവിധ സ്റ്റേഷനുകളില്‍ സമാന്തരമായി കൂടുതൽ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചതും നിരക്കുകളില്‍ ഇളവ് നല്‍കിയതും, സ്റ്റേഷനുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചതും, വിശേഷ ദിവസങ്ങളില്‍ സൗജന്യനിരക്കുകള്‍ നല്‍കിയതുമാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സഹായകമായത്.

ഇതോടെ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ച് കൂടുതല്‍  സര്‍വീസ് നടത്താനുളള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. ഇപ്പോള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മാത്രം ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം ഏഴ് മിനിറ്റില്‍ നിന്നും 6.15 മിനിറ്റാക്കി കുറച്ചു. സര്‍വ്വീസുകളുടെ എണ്ണം 229 ല്‍ നിന്ന് 271 ആയി വര്‍ധിക്കും.

ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി മെട്രോ സ്റ്റേഷനുകളിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റാർ നിർമ്മാണം, പുൽക്കൂട് അലങ്കരിക്കൽ , കരോൾ ഗാനാലാപനം, കേക്ക് നിർമ്മാണം തുടങ്ങിയ മൽസരങ്ങളിൽ പങ്കെടുക്കാൻ നൂറു കണക്കിന് പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News