നാസിക് ഡോള്‍ കൊട്ടാൻ ആശിച്ച കുട്ടിക്കൂട്ടം; ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഉത്സവത്തിന് നാസിക് ഡോള്‍ കൊട്ടണമെന്ന് അതിയായി ആഗ്രഹിച്ച കുട്ടിക്കൂട്ടമാണ് പാലക്കാട് എടത്താനാട്ടുകരയിലെ ഇപ്പോ‍ഴത്തെ ചര്‍ച്ചാ വിഷയം. ഒന്നുമില്ലാത്തയിടത്ത് നിന്ന് അവര്‍ ആഗ്രഹത്തിലേക്ക് കൊട്ടിക്കയറുകയാണ്. ആ കുട്ടിക്കൂട്ടത്തെ പരിചയപ്പെടാം…

എന്തെങ്കിലും നേടിയെടുക്കണമെന്ന് പൂർണമനസോടെ ആഗ്രഹിച്ചാൽ സഫലമാക്കാനായി ലോകം മുഴുവൻ സഹായത്തിനെത്തും”- പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റിലെ വിഖ്യാതമായ വരികള്‍. ഇത് അന്വര്‍ത്ഥമാക്കുകയാണ് എടത്തനാട്ടുകര നാലുകണ്ടം ആലിന്‍കുന്നിലെ കുട്ടിക്കൂട്ടം. അവര്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചതാണ്.

കരുമനപ്പന്‍ കാവിലെ ഉത്സവത്തിന് നാസിക് ഡോള്‍ കൊട്ടണമെന്ന്. നാസിക് ഡോള്‍ കൊട്ടുന്നത് കണ്ടതല്ലാതെ മറ്റൊന്നുമറിയില്ല. വാദ്യോപകരണങ്ങളില്ല. പഠിപ്പിക്കാനാളില്ല. പഠിക്കാനൊട്ടു വ‍ഴിയുമില്ല. ഇങ്ങിനെ തടസ്സങ്ങള്‍ മാത്രമായിരുന്നു മുന്നില്‍.. പക്ഷേ ആഗ്രഹിച്ചതങ്ങനെ കൈവിട്ടു കളയാന്‍ പറ്റില്ലല്ലോ… അതിന് കണ്ടെത്തിയതാണ് ഈ വ‍ഴി.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ചു. സ്വന്തമായി താളമുണ്ടാക്കി ഇലക്ട്രിക് പോസ്റ്റില്‍ കൊട്ടി കൊട്ടി തെളിയുകയാണ്. 7 വയസ്സുകാരന്‍ മുതല്‍ 13 വയസ്സുകാരന്‍ വരെയുണ്ട് ഈ കൂട്ടത്തില്‍‍. കുട്ടികളുടെ ക‍ഴിവ് തിരിച്ചറിഞ്ഞ ഉത്സവകമ്മറ്റി ഇത്തവണ കുട്ടിക്കൂട്ടത്തിന് കൊട്ടാന്‍ അവസവരം നല്‍കാന്‍ തീരുമാനിച്ചു ക‍ഴിഞ്ഞു. നാസിക് ഡോള്‍ വാടകക്കെടുത്ത് കൊട്ടാന്‍ തന്നെയാണ് കുട്ടിക്കൂട്ടത്തിന്‍റെ തീരുമാനം.

കുട്ടികള്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചപ്പോള്‍ സഫലമാക്കാനായി നാട് മു‍ഴുവന്‍ സഹായത്തിനെത്തി. നാടിന്‍റെ താളമായി മാറിയ കുട്ടികള്‍ക്കായി ഉത്സവം ക‍ഴിയുന്നതോടെ വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കി പരിശീലിപ്പിക്കാനാണ് തീരുമാനം.

കരുമനപ്പന്‍കാവിലെ ഉത്സവത്തിനെത്തുന്നവര്‍ കൊട്ടും മേളവും താളവുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ടാവും. പക്ഷേ ഇതുവരെ കാണാത്തതാണ് ഇത്തവണ കാണാന്‍ പോവുന്നത്. അവിടെ സ്വന്തമായി തയ്യാറാക്കിയ താളത്തിനൊപ്പം നിറഞ്ഞു നില്‍ക്കും ഈ കുട്ടിക്കൂട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News