ഞങ്ങളുടെ ക്ലാസ് മുറിയെ ജൻഡർ ന്യൂട്രൽ അല്ലാതാക്കിയത് പാവാടയല്ല കാലാണ് എന്നാണ് എൻ്റെ തോന്നൽ:ലിജീഷ് കുമാർ

ജയിക്കുകയും തോൽക്കുകയും ചെയ്യുന്ന സമരങ്ങൾക്കിടയിലെ പെൺജീവിതത്തെക്കുറിച്ച് എഴുത്തുകാരൻ ലിജീഷ് കുമാർ കുറിക്കുന്നു .

മൂടി മൂടി നാം നമ്മുടെ പെൺകുട്ടികളെ ദുർബലപ്പെടുത്തുന്നതിനെ പറ്റി, സദാചാരത്താൽ നാം നിർമ്മിച്ച് വെച്ചിട്ടുള്ള കംഫർട്ടബിൾ ആയ ഒരെക്കോസിസ്റ്റത്തെ പറ്റി,കൂട്ടുകാരി പാവാടയെയും നാട്ടുകാരെയും ഒരേപോലെ പേടിച്ചത് മുതൽ മെക്സിക്കോയും ആസ്ട്രേലിയയും ഇപ്പോൾ ജൻഡർ ന്യൂട്രലാവാം എന്ന് ചർച്ച ചെയ്യുന്ന  കേരളവുമുണ്ട് ലിജീഷിന്റെ കുറിപ്പിൽ .

Lijeesh Kumar

പല ഭാഷ സംസാരിക്കുന്ന മനുഷ്യരുണ്ട് എൻ്റെ പുതിയ ജോലി സ്ഥലത്ത്. കഴിഞ്ഞ ഒരു വർഷമായി അവർക്കിടയിലാണ്. സുന്ദരൻ മാഷിൻ്റെ ഹിന്ദി മാത്രമേ എനിക്കിപ്പഴുമറിയൂ എന്ന് ഞാനവരോടെപ്പഴും പറയും, അവര് ചിരിക്കും. ഒരുപാട് പഴക്കമുള്ള ഓർമ്മയാണതൊക്കെ, ഒന്നു മുതൽ ഏഴ് വരെയുള്ള സുന്ദരകാലത്തെ ഓർമ്മ.

അച്ചാർപ്പൊടി തേച്ച തൊമ്മിയുടെ മാതളനാരങ്ങ തിന്നാൻ മതിലുചാടാറുണ്ടായിരുന്ന കുട്ടിക്കാലമാണത്. ആണും പെണ്ണുമായി ഒരെട്ടൊമ്പത് പേരുണ്ടാവും ആദ്യമെത്താൻ കുതിക്കുന്നവരിൽ. ഓട്ടമല്ല, ചാട്ടമാണ് കഷ്ടം. രണ്ടാൾപ്പൊക്കമുള്ള മതിലാണ്. ഏന്തിവലിഞ്ഞ് കയറണം, ചാടിമറിയണം. അതിലഗ്രഗണ്യയായ ഒരേയൊരാളേ അന്നെൻ്റെ എൽ.പി ക്ലാസിലുള്ളൂ, അത് ഷൈനിയാണ്. ചാടിമറിഞ്ഞ് ചെന്ന് കൈക്കലാക്കിയ മാതളനാരങ്ങയുമായി എല്ലാവരെയും തോൽപ്പിച്ചതിന്റെ ആനന്ദത്തിൽ ചിരിച്ച് നിൽക്കുന്ന ഷൈനി എൻ്റെ ഓർമ്മയിൽ എപ്പോഴുമുണ്ട്.

മതിലുചാട്ടം മാത്രമായിരുന്നില്ല അന്നത്തെ ആനന്ദം. കിരി കിരിയൊച്ചയുമായി തീപ്പാറ്റിക്കൊണ്ട് ഞങ്ങൾ കിടന്ന് റാട്ട് കളിച്ചിരുന്ന ഒരു കളിപ്പറമ്പുണ്ട് സ്കൂളിലന്ന്. പുളിപ്പിച്ച് കൊല്ലുന്ന കുറുക്കൻ മാങ്ങയും, പേരക്കയും, ബിലിമ്പിയും, ചാമ്പക്കയും വിളഞ്ഞിരുന്ന ഏദൻ തോട്ടം. ഏദനിലെ മരം കയറ്റക്കാരിലും കേമി ഷൈനി തന്നെയായിരുന്നു. അലിവു തോന്നിയാൽ അവളെറിഞ്ഞ് തരുന്ന കനി തിന്നാൻ പാകത്തിൽ വാ പൊളിച്ച് മേപ്പോട്ട് നോക്കി നിന്ന നട്ടുച്ചകൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആകാശത്തിലൂടെ ചാടി മറിഞ്ഞ് അസൂയപ്പെടുത്തുകയാവും അവളപ്പോൾ.

പുതിയ വിജയികൾ പിറവിയെടുക്കുന്നത് യു.പി ക്ലാസിലെത്തിയപ്പോഴാണ്. ഷൈനി മതിലുചാട്ടവും മരം കയറ്റവും ധിധീന്നങ്ങ് അവസാനിപ്പിച്ച് കളഞ്ഞു. അപ്രതീക്ഷിത നേരത്തുള്ള അവളുടെ വിരമിക്കൽ എന്നെ അത്ഭുതപ്പെടുത്തി. പാവാട ഒരു വിഷയമായി എൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് അന്നാണ്. പാവാട പൊങ്ങിപ്പോകുന്നത് കൊണ്ടാണ് ഷൈനി പിൻവാങ്ങിയതെന്ന് ആളുകൾ അടക്കം പറഞ്ഞു.
പണ്ടും പാവാട തന്നെയാണ് ഷൈനിയുടെ ഉടുപ്പ്. ഈ പാവാടയ്ക്കെന്താണ് പെട്ടന്ന് സംഭവിച്ചത് ! കാലുകളിലേക്കും അടിയുടുപ്പുകളിലേക്കും നീളുന്ന ആൺ നോട്ടങ്ങളെ സ്വിച്ചിട്ട പോലെ ഷൈനി പേടിച്ച് തുടങ്ങി. കാലുകളും അടിയുടുപ്പുകളും !! മുണ്ടു മാടിക്കുത്തി മരം കയറിയ ആൺകൂട്ടങ്ങൾ വെളിപ്പെടുത്തിയതും ഇതൊക്കെത്തന്നെയായിരുന്നു. പെണ്ണുങ്ങളുടെ കാല് ചരിത്രപരമായി മൂടിവെക്കപ്പെട്ടതാണ്, ആണുങ്ങളുടേത് അങ്ങനല്ല എന്ന് ഞാൻ ആദ്യമായി തിരിച്ചറിയുന്നത് എന്റെ യു.പി ക്ലാസിൽ വെച്ചാണ്. ഞങ്ങളുടെ ക്ലാസ് മുറിയെ ജൻഡർ ന്യൂട്രൽ അല്ലാതാക്കിയത് പാവാടയല്ല കാലാണ് എന്നാണ് എൻ്റെ തോന്നൽ.

എങ്ങനെ ജൻഡർ ന്യൂട്രലാവാം എന്ന അന്വേഷണം ലോകം ആരംഭിച്ചിട്ട് കുറച്ചായി. ആണോ പെണ്ണോ ട്രാൻസോ നിങ്ങളെന്തോ ആവട്ടെ, നിങ്ങൾക്കിഷ്ടമുള്ളത് ധരിച്ച് വരൂ. പാൻ്റോ പാവാടയോ, എന്ത് വേണമെങ്കിലും ധരിച്ച് വരൂ എന്ന് മെക്സിക്കോ ഗവൺമെൻ്റ് കുട്ടികളോട് പറയുന്നത് 20l9 ജൂൺ മാസമാണ്. ഒരു മാസത്തിന് ശേഷം 2019 ജൂലൈയിൽ തായ് വാനിലെ സ്കൂളുകൾ എല്ലാ കുട്ടികൾക്കും പാവാട യൂണിഫോമാക്കി. ആസ്ട്രേലിയ 2018 ൽ തന്നെ എല്ലാവരെക്കൊണ്ടും പാൻ്റുടുപ്പിച്ചു.അന്ന് ആസ്ട്രേലിയയിലെ സ്ട്രട്ടൺ സ്റ്റേറ്റ് കോളേജിൻ്റെ പ്രിൻസിപ്പാൾ എഴുതി, ”Come into our school now and you’ll see girls kicking a football, playing handball, lying under tree reading a book and hanging from monkey bars unrestricted.” നാല് വർഷങ്ങൾക്കിപ്പുറം 2022 ൽ നമ്മൾ എഴുതുന്നു – നോക്കൂ, ഞങ്ങളുടെ പെൺകുട്ടികൾ ആണിനെപ്പോലെ കംഫർട്ടബിൾ ആയി പറന്ന് പൊങ്ങുന്നത്, എന്ന്.

ഖോ ഖോ എന്നൊരു സിനിമയുണ്ട്, രജിഷ വിജയൻ്റെ. ഗ്രാമപ്രദേശത്തുള്ള ഒരു സ്കൂളിൽ ഖോ ഖോ ടീമുണ്ടാക്കാൻ കഷ്ടപ്പെടുന്ന സ്പോർട്സ് ടീച്ചറുടെ ജീവിതമാണ് ആ സിനിമ. ടീ ഷർട്ടും ട്രൗസറുമിട്ട്, വലിച്ച് താഴ്ത്തിപ്പിടിച്ച് അപകർഷതയോടെ ബാത്ത് റൂമിൽ നിന്ന് കുട്ടികൾ പ്രാക്ടീസ് ഗ്രൗണ്ടിലേക്കിറങ്ങി വരുന്ന വല്ലാത്തൊരു രംഗമുണ്ട് ആ സിനിമയിൽ. മൂടി മൂടി നാം നമ്മുടെ പെൺകുട്ടികളെ ദുർബലപ്പെടുത്തിക്കളഞ്ഞതിന്റെ സങ്കടം അതിലുണ്ട്. ശേഷികൊണ്ട് നിങ്ങളെ ജയിക്കാൻ എതിരാളിക്ക് കഴിയില്ല, നിങ്ങളുടെ അപകർഷത പക്ഷേ നിങ്ങളെത്തോൽപ്പിക്കും എന്നാണ് ആ സിനിമ കുട്ടികളോട് സംസാരിക്കുന്നത്. പെൺകുട്ടികളേ, നിങ്ങളുടെ കാലുകൾ തടവിലാണ് എന്ന്. പെൺകുട്ടികളേ, നിങ്ങൾ നിങ്ങളുടെ കാലുകളുടെ തടവിലാണ് എന്ന്.

കാല് മൂടി വെച്ച് എത്താൻ പറ്റാത്ത ഉയരങ്ങളെക്കുറിച്ചുള്ള പാഠമാണ് ഷൈനി മുതൽ അനശ്വര രാജൻ വരെ എന്നെപ്പഠിപ്പിച്ചത്. കഴുത്ത് മുറുക്കി, കൈ മുട്ടിനു താഴേക്കിറക്കിയ ഷർട്ടും കാലറ്റം വരെ മൂടിപ്പുതപ്പിച്ച പാൻ്റും കൊണ്ട് കംഫർട്ടബിളാക്കരുത് നമ്മുടെ പെൺകട്ടികളെ. ഉടുപ്പിൻ വിടവിലേക്ക് നോക്കി ബത്തക്കാപ്പൂളുപോലെ വിടർത്തിപ്പിടിക്കാതെ എന്ന് പ്രസംഗിച്ച അധ്യാപകരും, സ്വർഗ്ഗം കാണില്ല എന്ന് പേടിപ്പിച്ച മതാധ്യാപകരുമെല്ലാം ചേർന്ന് കുട്ടിച്ചോറാക്കിയ ഒരു കേരളമുണ്ട്. ആ റിയാലിറ്റിയെ അഡ്രസ് ചെയ്യാതെ നമുക്ക് മുമ്പോട്ട് പോകാനാവില്ല.

യൂണിഫോമിട്ടാൽ യൂണിഫോമിറ്റിയുണ്ടാവുമോ എന്നാദ്യം ചോദിക്കുന്നത് എം.എൻ.വിജയൻ മാഷാണ്, ഉടുപ്പിട്ടാൽ ഉടുപ്പിൻ്റെ നിറമുള്ള മനസ്സുണ്ടാവുമോ എന്ന്. ഉണ്ടാവും എന്ന് തന്നെയാണ് എൻ്റെ പക്ഷം. ഉടുപ്പുണ്ടാക്കിയ ലോകത്തെക്കുറിച്ച് തന്നെയാണ് ഞാൻ പറയാൻ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെ ഒരു ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം ശ്ലാഘനീയമാണ് എന്ന കാര്യത്തിൽ തർക്കമില്ല. തർക്കം ഏതുടുപ്പാണ് നമ്മെ മുമ്പോട്ട് നയിക്കേണ്ടത് എന്നത് മാത്രമാണ്.

സ്വാതന്ത്ര്യ സമരം ജയിച്ച ആഗസ്റ്റ് 15 നെക്കുറിച്ച് മാഷ് തകർത്ത് ക്ലാസെടുക്കുമ്പോൾ, ഇതിലേതാണ് ഈ സ്വാതന്ത്ര്യ സമരം – ഇത് കുറേയുണ്ടല്ലോ എന്ന് ചെവിയിൽ ചോദിച്ച ഒരു ബിനോയ് കുരിയാടി ഉണ്ട് എൻ്റെ ഓർമ്മയിൽ. സമരം ഒരു തുടർപ്രോസസാണ് എന്ന മറുപടിയിൽ തൃപ്തനാവാതെ, എങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങൾ എന്ന് പറയണം – ഇത് തെറ്റിദ്ധരിപ്പിക്കലാണ് എന്ന് കലമ്പിച്ച ബിനോയ്, അവനിന്നില്ല.
സമരം ഒരു തുടർ പ്രോസസാണ്. ആണും പെണ്ണും ട്രാൻസുമെല്ലാം ഒരേ വസ്ത്രം ധരിക്കട്ടെ എന്ന ചിന്ത ഒരു തുടങ്ങി വെക്കലാണ്. അതേത് വസ്ത്രം എന്ന ചോദ്യം നാം തുടരേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ബർമുഡയും ടീ ഷർട്ടും ഇട്ട് വന്ന് ജൻഡർ ന്യൂട്രലാവുന്ന കുട്ടികളെ നമുക്കിമാജിൻ ചെയ്യാൻ കഴിയാത്തത്. അത് കംഫർട്ടബിൾ ആവുമോ എന്നല്ലേ ഇപ്പോൾ ചിന്തിച്ചത്. സത്യമിതാണ്, സദാചാരത്താൽ നാം നിർമ്മിച്ച് വെച്ചിട്ടുണ്ട് കംഫർട്ടബിൾ ആയ ഒരെക്കോസിസ്റ്റം. നമ്മുടെ കുട്ടികൾ വളരുന്നത് അവിടെയാണ്, അവർക്ക് രക്ഷപ്പെടാനാവില്ല. അവയവങ്ങളെ മറികടക്കാതെ സമത്വം സാധ്യമേയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News