ഖത്തറില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; പ്രത്യേക നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഖത്തറില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം.

പ്രധാനമായും പൊതുജനങ്ങള്‍ പാലിക്കേണ്ട മൂന്ന് കാര്യങ്ങളാണ് മന്ത്രാലയം നിര്‍ദേശിച്ചത്.

* കൊവിഡ് വാക്‌സിനേഷന്‍ എടുക്കുക അല്ലെങ്കില്‍ യോഗ്യമായവര്‍ ഉടന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുക.

* കൊവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ വേഗത്തില്‍ പരിശോധന നടത്തുക.

* കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമായി പാലിക്കുക.

ഖത്തറില്‍ 196,692 പേര്‍ക്ക് സുരക്ഷിതമായി ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും എല്ലാ വകഭേദങ്ങളില്‍ നിന്നും ദീര്‍ഘകാല സംരക്ഷണം നല്‍കുകയും ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. അവധി ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് ബൂസ്റ്റര്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ബൂസ്റ്റര്‍ വാക്‌സിന് അര്‍ഹരായ ആളുകളെ പിഎച്ച്സിസി നേരിട്ട് ബന്ധപ്പെട്ടു വരുന്നുണ്ട്. യോഗ്യതയുള്ളവരും ഇതുവരെ ബന്ധപ്പെടാത്തവര്‍ക്കും പിഎച്ച്സിസി ഹോട്ട്ലൈന്‍ നമ്പരില്‍ 4027 7077 ബന്ധപ്പെടുക. അല്ലെങ്കില്‍ പിഎച്ച്സിസിയുടെ മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. ഒരു ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുന്നതിന് മുമ്പ് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റുകള്‍ ആവശ്യമാണ്. തത്സമയ അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുന്നതല്ല.

വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തിയ നാല് പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പൗരന്മാരിലും താമസക്കാരിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്സിന്‍ എടുത്തിട്ടില്ല.

വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ പ്രത്യേക ക്വാറന്റൈനിലാണ്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും അതിനാല്‍ ആശുപത്രിയില്‍ കഴിയേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നെഗറ്റീവ് ആകുന്നതുവരെ എല്ലാവരും ക്വാറന്റൈനില്‍ തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News