ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം: നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ ശ്രമങ്ങളെ രാഷ്ട്രീയമായും ജനകീയമായും പ്രതിരോധിക്കും: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ ശ്രമങ്ങളെ രാഷ്ട്രീയമായും ജനകീയമായും പ്രതിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സമാധാനാന്തരീക്ഷം പുലരാനുള്ള ഇടപെടലുകള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങളെയും അപലപിക്കുന്നു. സമാധാനം നിലനിന്നുപോരുന്ന പ്രദേശത്തെ കലാപവേദിയാക്കാനുള്ള ശ്രമമാണ് കൊലയാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. സങ്കുചിതവും വിഷലിപ്തവുമായ ഈ അജണ്ട ഇവിടെ വിലപ്പോവില്ല.

ഇക്കൂട്ടരുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സമൂഹമൊന്നാകെ മുന്നോട്ട് വരേണ്ടതുണ്ട്. ക്രമസമാധാനം നിലനിർത്തുവാനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും.

സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പു‍ഴയില്‍ എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവും വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

ബിജെപി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് രഞ്ജിത്ത് ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് സംഭവം.

 ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആണ്  കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു

ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്‌ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിന്റെ പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്‌ത്തി. റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ ചേർന്ന്‌ വെട്ടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News