ആലപ്പുഴ എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഗൂഡാലോചനയില്‍ പങ്കാളികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്
മണ്ണഞ്ചേരി സ്വദേശി പ്രസാദ് ,വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയില്‍

അക്രമിസംഘത്തിന് റെന്റ് എ കാര്‍ വാഹനം ക്രമീകരിച്ചു നല്‍കിയത് പ്രസാദ് എന്നയാളാണ്. വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടന്‍ എന്നയാളും. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞാണ് വാഹനം കൊണ്ടുപോയത്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആണ് കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു

ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്‌ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിന്റെ പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്‌ത്തി. റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ ചേർന്ന്‌ വെട്ടുകയായിരുന്നു.

കൈ -കാലുകൾക്കും വയറിനും തലയ്‌ക്കും ഗുരുതരമായി വെട്ടേറ്റ ഷാനിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അർധരാത്രിയോടെ മരിച്ചു. വെട്ടേറ്റ ഷാനിനെ നാട്ടുകാരാണ്‌ ആശുപത്രിയിൽ എത്തിച്ചത്.

ആക്രമണ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. അതേസമയം അക്രമത്തിന്‌ പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന്‌ എസ്‌ഡിപിഐ ആരോപിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും  സംസ്ഥാന  പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്‌താവനയിൽ പറഞ്ഞു.

ആലപ്പുഴ ഡിവൈഎസ്‌പി എം ജയരാജിന്റെ  നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത്‌  ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമിസംഘം എത്തിയ എറണാകുളം രജിസ്‌ട്രേഷനിലുള്ള കാർ പൊലീസ്‌ കണ്ടെത്തിയെന്നാണ്‌ സൂചന. ഷാനിന്റെ  ഭാര്യ : ഫൻസില. മക്കൾ: ഹിബാഫാത്തിമ, ഫിദ ഫാത്തിമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel