ആലപ്പുഴ ഇരട്ട കൊലപാതകം; പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ എസ്ഡിപിഐ- ബിജെപി ശ്രമം

ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ എസ്ഡിപിഐ- ബിജെപി ശ്രമം. വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടി രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ഇരുവരുടെയും നീക്കമെന്ന് വ്യക്തം.

പരസ്പരം ശത്രുക്കളാണെന്ന പ്രതീതിയുണ്ടാക്കി പരസ്പരം നേട്ടമുണ്ടാക്കുന്ന നീക്കം നേരത്തെയും ആര്‍എസ്എസ്- എസ്ഡിപിഐ നേതൃത്വങ്ങള്‍ നടത്തിപോയിട്ടുള്ളതാണ്.
ആലപ്പുഴയില്‍ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളിലും ഇതിനായുള്ള ശ്രമം വ്യക്തമാണ്.

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് അതിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെയും ഇടതുപക്ഷസര്‍ക്കാരിന്റെയും തലയില്‍ കെട്ടിവയ്ക്കാനും ഗൂഢനീക്കവും തുടരുകയാണ് ഇരുവിഭാഗവും.

കൊലപാതകം നടന്ന സ്ഥലത്ത് സിപിഐഎമ്മും എസ്ഡിപിഐയും തമ്മിലായിരുന്നു സംഘര്‍ഷമെന്ന വിചിത്രവാദമാണ് കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്‍ ഉയര്‍ത്തിയത്. കൊലയ്ക്ക് കൊല എന്ന സമീപനമാണോ സംസ്ഥാനത്തിന് ഉള്ളത് എന്ന മുഖ്യമന്ത്രി പറയണമെന്നും മുരളീധരന്‍ പറഞ്ഞു.

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആവര്‍ത്തിച്ചു. പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന സുരേന്ദ്രന്റെ പ്രസ്താവനയും ബിജെപിക്ക് നേരെ തന്നെ തിരിഞ്ഞുകൊത്തുന്നു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിക്കും ബിജെപി നേതാക്കളുടെ വാക്കുകളുടെ അതേ സ്വരമുണ്ടായിരുന്നു.

എന്നാല്‍, വര്‍ഗീയവാദികളുടെ പ്രചണ്ഡപ്രചരണങ്ങള്‍ക്കും കലാപശ്രമങ്ങള്‍ക്കും മുന്നില്‍ തോല്‍ക്കില്ലെന്ന ശക്തമായ മുദ്രാവാക്യമുയര്‍ത്തുകയാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here