മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും കൊലപാതകങ്ങള്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യം വച്ച്: ആര്‍ നാസ്സര്‍

വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഗൂഢാലോചനയാണ് ആലപ്പുഴയില്‍ പത്ത് മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് സി പി ഐ എം ജില്ല സെക്രട്ടറി ആര്‍ നാസ്സര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്‌കൂട്ടറില്‍ പോകുകയായിരുന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനെ മണ്ണഞ്ചേരിയില്‍ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ എന്തെങ്കിലും പ്രകോപനമുണ്ടായിരുന്നതായി ജനങ്ങള്‍ക്കറിയില്ല. ബി ജെ പിയുടെ രാഷ്ട്രീയ പാപ്പരത്തം തിരിച്ചറിഞ്ഞ ജനം ബി ജെ പിയില്‍ നിന്ന് അകന്നകന്ന് പോകുന്നത് തിരിച്ചറിഞ്ഞ ബി ജെ പി, വര്‍ഗ്ഗീയ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് മണ്ണഞ്ചേരിയിലെ കൊലപാതകമെന്ന് ആര്‍ നാസ്സര്‍ പറഞ്ഞു.

ഇതിന്റെ പ്രതികരണമെന്ന നിലയ്ക്ക് മുസ്ലീം തീവ്രവാദ സംഘടനയായ എസ്ഡിപിഐ ആലപ്പുഴ പട്ടണത്തില്‍ ബിജെപി നേതാവ് അഡ്വ.രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് രണ്ട് കൊലപാതകങ്ങളുമെന്ന് വ്യക്തം.

ജനങ്ങള്‍ തികഞ്ഞ സമാധാനത്തോടെയും സാഹോദര്യത്തോടെയും അധിവസിക്കുന്ന ഒരു പ്രദേശത്ത് ഒരു പ്രകോപനവുമില്ലാതെ ആസൂത്രണംചെയ്ത് ഒരാളെ കൊലപ്പെടുത്തിയ ശേഷം, സര്‍ക്കാറിന്റെ വര്‍ഗ്ഗീയ പ്രീണന നയമാണന്നും ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണന്നും പ്രസ്താവനയിറക്കുന്ന കേന്ദ്ര മന്ത്രി മുരളീധരനും ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രനും ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുകയാണ്.

മണ്ണഞ്ചേരി കൊലപാതകത്തിന്റെ പ്രതികാരമായി, ബി ജെ പി നേതാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയതും കൃത്യമായ ആസൂത്രണത്തോടെയാണ്. എസ്ഡിപിഐ നേതാക്കളുടെ പ്രതികരണവും ജുഗുപ്‌സാവഹമാണ്.

ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ തീവ്ര വാദികള്‍ ലക്ഷ്യം വയ്ക്കുന്നത് വര്‍ഗ്ഗീയ കലാപമാണ്. എന്നാല്‍ എല്ലാ മതവിശ്വാസികളും ഏകോദര സോദരരെ പോലെ കഴിയുന്ന ആലപ്പുഴയില്‍ വര്‍ഗ്ഗീയ വാദികള്‍ വിതച്ച വിത്ത് മുളയ്ക്കില്ല. അതിനുള്ള ബോധം ആലപ്പുഴയിലെ ജനങ്ങള്‍ക്കുണ്ട്.

പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടു കൊലപാതകങ്ങളിലെയും പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് തയ്യാറാകണം. കൊലപാതകങ്ങളുടെ പേരില്‍ അക്രമമഴിച്ചുവിടാനുള്ള ശ്രമം തള്ളിക്കയ്യാനാകില്ല. അങ്ങനെ അഴിഞ്ഞാടാന്‍ ആരെങ്കിലും തയ്യാറായാല്‍ അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറാകണമെന്ന് നാസ്സര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel