‘അമ്മ’ഭാരവാഹി തെരഞ്ഞെടുപ്പ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍പിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു

സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കി താരസംഘടനയായ അമ്മയുടെ നിയമാവലി പുതുക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതടക്കം ഡബ്ലു സി സി ഉന്നയിച്ച ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് അമ്മയുടെ നയപരമായ തിരുത്തല്‍.

അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് 27 വര്‍ഷമായുളള അമ്മയുടെ നിയമാവലി പുതുക്കി അംഗീകാരം നേടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഡബ്ലു സി സി ഉന്നയിച്ച വീഴ്ചകള്‍ തിരുത്തിയാണ് പുതിയ നിയമാവലി.

സ്ത്രീ സുരക്ഷയ്ക്കായി പുറത്തുനിന്ന് ഒരാള്‍കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി നിലവില്‍ വരും. എക്‌സിക്യുട്ടീവ് അംഗം ബാബുരാജ് അറിയിച്ചു

ബൈലോ പുതുക്കുന്ന കാര്യം അറിയിച്ചപ്പോള്‍ ഡബ്ലു സി സി അംഗങ്ങള്‍ കൂടിയായ രേവതിയും പത്മപ്രിയയും തൃപ്തി രേഖപെടുത്തിയെന്ന് ഇടവേള ബാബുവും അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് മോഹന്‍ലാലും പ്രതികരിച്ചു.

പുതിയ വൈസ് പ്രസിഡന്റുമാരെയും പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ശ്വേതാമേനോനും മണിയന്‍പിള്ള രാജുവുമാണ് വൈസ് പ്രസിഡന്റുമാര്‍.

അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്‌സിക്യുട്ടീവ് സ്ഥാനത്തേക്ക് ലാലും വിജയ് ബാബുവും ജയിച്ചപ്പോള്‍ ഹണി റോസ്, നാസര്‍ ലത്തീഫ്, നിവിന്‍ പോളി എന്നിവര്‍ പരാജയപ്പെട്ടു. മോഹന്‍ലാല്‍, ഇടവേള ബാബു, സിദ്ദിഖ്, ജയസൂര്യ എന്നിവര്‍ നേരത്തേ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel