വഖഫ് വിഷയം; മുസ്ലിം ലീഗ് പ്രഖ്യാപിച്ച തുടർ സമരം അനിശ്ചിതത്വത്തിൽ

വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് പ്രഖ്യാപിച്ച തുടർ സമരം അനിശ്ചിതത്വത്തിൽ. സമസ്തയെ വെല്ലുവിളിച്ച് മുന്നോട്ട് പോവേണ്ടെന്ന പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ നിലപാടാണ് സമരത്തിന് തടസ്സം.

വഖഫ് നിയമനം പിഎസ് സി യ്ക്ക് വിടുന്നതിൽ മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനിക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയ സാഹചര്യത്തിൽ സമരം വേണ്ടെന്നാണ് സമസ്തയുടെ പ്രഖ്യാപിത നിലപാട്. ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾക്കൊഴികെ ഇതേ അഭിപ്രായമാണ്.

ഇപ്പോഴുള്ള സമരം രാഷ്ട്രീയ താൽപ്പര്യമാണെന്നും അതിൽ പങ്കെടുക്കേണ്ടന്നും സമസ്ത പ്രഖ്യാപിച്ചതോടെ മുസ്ലിം ലീഗിന്റെ തുടർ സമര പരിപാടികൾ അനിശ്ചിതത്ത്വത്തിലായി. സമസ്തയെ വെല്ലുവിളിച്ച് മുന്നോട്ടു പോവുന്നതിൽ പാണക്കാട് കുടുംബത്തിനും പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും താൽപ്പര്യവുമില്ല. മുസ്ലിം ലീഗിലെ സലഫി സ്വാധീനമുള്ള നേതാക്കളാണ് സമരം തുടരാമെന്ന തീരുമാനമെടുത്തിരുന്നത്.

വഖഫ് വിഷയം സജീവമാക്കി നിർക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. പക്ഷെ പള്ളികളിൽ ചേരിതിരിവുണ്ടായാൽ ലീഗ് പ്രതിക്കൂട്ടിലാവും. ഇത് മുന്നിൽക്കണ്ടാണ് പ്രഖ്യാപിച്ച സമര പരിപാടികളിൽ നിന്ന് പിന്നോട്ടു പോവുന്നത്. അതേസമയം, ഇക്കാര്യത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുമായി നേരിട്ടു ചർച്ച വേണ്ടെന്ന ലീഗിന്റെ നിലപാടിൽ മാറ്റവുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here