കൊവിഡ് കാലത്ത് നികുതി കൊള്ള നടത്തി കേന്ദ്ര സർക്കാർ; നികുതിയിനത്തിൽ തട്ടിയെടുത്തത് ഒന്നരലക്ഷം കോടി രൂപ

കൊവിഡ് കാലത്തും നികുതി കൊള്ള നടത്തി കേന്ദ്ര സർക്കാർ. ഒന്നര ലക്ഷത്തോളം രൂപയുടെ അധിക നികുതി വരുമാനമാണ് പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് കൊവിഡ് കാലത്ത് ലഭിച്ചത്. ലോക് സഭയിലാണ് ഇത് സംബന്ധിച്ച കണക്കുകൾ കേന്ദ്ര സർക്കാർ നൽകിയത്.

ഇന്ധന വില വർധനവിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന പതിവ് പല്ലവി ആവർത്തിക്കുമ്പോഴാണ് കണക്കുകൾ പുറത്ത് വരുന്നത്. അമിത എക്സൈസ് തീരുവയുടെ രൂപത്തിൽ കൊവിഡ് കാലത്ത് കേന്ദ്ര സർക്കാര് ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ ആരോപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തിൽ ഇതിനെ മറികടക്കാൻ നേരിയ ഇളവ് കേന്ദ്ര സർക്കാര് നൽകുകയും ചെയ്തു. എന്നാല് ഇതിൻ്റെ എല്ലാം മറവിൽ വൻ നികുതി കൊള്ളയാണ് നടന്നത് എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

അതേസമയം, സഭയിൽ കേന്ദ്ര സർക്കാർ നൽകിയ കണക്ക് പ്രകാരം 2,23,057 കോടി രൂപയാണ് കൊവിഡ് വരും മുൻപ് 2019-20 സാമ്പത്തിക വർഷം പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് ലഭിച്ചത്. കൊവിഡ് ആരംഭിച്ച 2020-21 സാമ്പത്തിക വർഷത്തിൽ നികുതി വരുമാനം 3,72,970 കോടിയായി ഉയർന്നു. അമിത ലാഭമായി കേന്ദ്ര സർക്കാരിന് ലഭിച്ചത് 1,49,913 കോടി രൂപ. 2021 മാർച്ച് ഒന്ന് മുതൽ ആരംഭിച്ച ഈ സാമ്പത്തിക വർഷത്തിൽ കൊവിഡ് രണ്ടാം തരംഗം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഈ സാമ്പത്തിക വർഷം മാത്രം കേന്ദ്ര സര്ക്കാര്പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ഇനത്തിൽ പ്രതീക്ഷിക്കുന്നത് 3,35,000 കോടി രൂപയുടെ വരുമാനമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ള ഇളവുകൾ പ്രഖ്യാപിച്ച ശേഷം കേന്ദ്ര സർക്കാരിന് ലഭിക്കുന്ന വരുമാനം ആണിത്. പെട്രോൾ ഡീസൽ വില നാൾക്കുനാൾ അനിയന്ത്രിതമായി വർധിക്കുന്നതിന് ഒപ്പം പാചക വാതക സിലിണ്ടറുകളുടെ വിലയും കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് ഉള്ളിൽ കുത്തനെ വർധിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News