22-ാം ദിവസവും ഫലം കണ്ടില്ല; കുറുക്കൻ മൂലയിലെ കടുവക്കായുള്ള തിരച്ചിൽ അവസാനിച്ചു

ഇരുപത്തി രണ്ടാം ദിവസവും ഫലം കാണാതെ വയനാട്‌ കുറുക്കൻ മൂലയിലെ കടുവക്കായുള്ള തിരച്ചിൽ അവസാനിച്ചു. ഒലിയോട്ട്‌ കാട്ടിക്കുളം ചെട്ടിപ്പറംമ്പ്‌ സംരക്ഷിത വനമേഖലയിലാണ്‌ ഇന്ന് തിരച്ചിൽ നടന്നത്‌.

രാവിലെ പരിക്കേറ്റ കടുവയുടെ ദൃശ്യം ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു.
കടുവയുടെ കഴുത്തിലെ മുറിവിൽ നിന്ന് രക്തം വീണതും തിരച്ചിൽ നടത്തുന്ന സംഘം കണ്ടു.

ഒലിയോട്ട്‌ വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ മേഖലയിൽ വ്യാപക തിരച്ചിൽ നടന്നത്‌. മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങളും രണ്ട്‌ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകരും സ്ഥലത്തേക്കെത്തി.

കടുവയുടെ സാന്നിദ്ധ്യത്തിന്റെ സൂചനകൾ ലഭിച്ചെങ്കിലും മയക്കുവെടി വെക്കാനുള്ള സാഹചര്യമുണ്ടായില്ല.ഇതിനിടെ തോക്കിൽ മയക്കുവെടിക്കുള്ള മരുന്ന് നിറക്കുന്നതിനിടെ വെറ്ററിനറി സർജൻ അരുൺ സക്കറിയക്കും ജിയോളജിസ്റ്റ്‌ വിഷ്ണുവിനും മരുന്ന് കണ്ണിൽ തെറിച്ചതിനേത്തുടർന്ന് ചികിത്സ തേടേണ്ടിവന്നു.

കടുവയുടെ കഴുത്തിലെ പരിക്കിൽ നിന്ന് ചോരയിറ്റു വീണിട്ടുണ്ട്‌ പലയിടത്തും. മുറിവ്‌ കടുവയെ ക്ഷീണിതനാക്കിയിട്ടുണ്ട്‌.കഴിഞ്ഞ ദിവസങ്ങളിലൊന്നും കടുവയെ കാട്ടിലോ നാട്ടിലോ കണ്ടിട്ടില്ല.

വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടുമില്ല.ദിവസങ്ങളായി കടുവക്ക്‌ ഭക്ഷണവും ലഭിച്ചിട്ടുണ്ടാവില്ലെന്നാണ്‌ കരുതുന്നത്‌.ജനവാസകേന്ദ്രത്തിൽ ഇടക്കിടെയിറങ്ങിയ കടുവ ആ പതിവ്‌ തെറ്റിച്ചത്‌ ഈ മേഖലയിൽ നിന്ന് കടുവ മാറിപ്പോയോ എന്ന സംശയമുണ്ടാക്കിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം കോണവയൽ,കാവേരിപ്പൊയിൽ എന്നിവിടങ്ങളിൽ വനയോരത്ത്‌ കാൽപ്പാടുകൾ കണ്ടെത്തി.

ബേഗൂർ റേഞ്ചിലെ വിവിധയിടങ്ങളിൽ കടുവ സഞ്ചരിക്കുകയാണ്‌.എന്നാൽ സാന്നിദ്ധ്യം തിരിച്ചറിയുന്നു എന്നതല്ലാതെ നേരിട്ട്‌ കാണാൻ വനപാലകർക്ക്‌ സാധിച്ചിട്ടില്ല.കടുവ കടന്നുപോവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌.

എല്ലാ ശ്രമങ്ങളും തുടരുമ്പോഴും കടുവ കാണാമറയത്ത്‌ തുടരുന്നത്‌ കുറുക്കൻ മൂലയേയും പരിസര പ്രദേശങ്ങളെയും ഇപ്പോഴും ആശങ്കയിലാക്കുകയാണ്‌. കടുവ ഈ പ്രദേശത്ത്‌ തന്നെയുണ്ടെന്ന് വനം വകുപ്പ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

തിരച്ചിൽ തുടരാനാണ്‌ തീരുമാനം. ഫ്ലൈയിംഗ്‌ സ്ക്വാഡ്‌ ഡി എഫ്‌ ഒ,കെ കെ സുനിൽ കുമാർ, നോർത്ത്‌ വയനാട്‌ ഡി എഫ്‌ ഒ രമേഷ്‌ ബിഷ്ണോയി,സൗത്ത്‌ വയനാട്‌ ഡി എഫ്‌ ഒ ഷജ്ന കരീം എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരച്ചിൽ. ഉത്തരമേഖലാ സി സി എഫ്‌ ഡി കെ വിനോദ്‌ കുമാറാണ്‌ ദൗത്യം ഏകോപിപ്പിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here