സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ഒരു കൊവിഡ് വ്യാപനം ഒഴിവാക്കുവാനായി, കൊവിഡ് വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമില്ല. 11 ലക്ഷം ഡോസ് വാക്‌സിൻ ഇപ്പോൾ സ്റ്റോക്കുണ്ട്. സൗജന്യമായി വാക്‌സിൻ എടുക്കുവാനുള്ള സൗകര്യം എല്ലാ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർ നിശ്ചിത കാലയളവിൽ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ്, ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 മുതൽ 116 ദിവസത്തിനുള്ളിലും കോവാക്‌സിൻ 28 മുതൽ 42 ദിവസത്തിനുള്ളിലുമാണ് സ്വീകരിക്കേണ്ടത്. രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്.
രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് പൂർണമായ പ്രതിരോധ ശേഷി ലഭിക്കുന്നത്. അതിനാൽ എത്രയും നേരത്തെ രണ്ടു ഡോസ് വാക്‌സിൻ നിശ്ചിത കാലയളവിൽ സ്വീകരിക്കുക എന്നത് കൊവിഡ് പ്രതിരോധത്തിൽ വളരെ പ്രധാനമാണ്. വാക്‌സിൻ സ്വീകരിച്ചവരിൽ കൊവിഡ് രോഗബാധ തീവ്രമാകുന്നതായി കാണുന്നില്ല.
അതിനാൽ ആശുപത്രി വാസത്തിന്റെയും ഐ.സി.യു, വെന്റിലേറ്റർ എന്നിവ ഉപയോഗിക്കേണ്ടി വരുന്നത് കുറയുകയും മരണം സംഭവിക്കുന്നത് ഒഴിവാക്കുവാനും ആകുന്നു.
സമൂഹത്തിലെ എല്ലാവരും ഒരുപോലെ വാക്‌സിൻ സ്വീകരിച്ച് രോഗപ്രതിരോധശേഷി ആർജ്ജിച്ചാൽ ഒമൈക്രോൺ വകഭേദ വ്യാപന ഭീഷണി തടയുവാനും കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുവാനും ആകും.അതിനാൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.