ലഖിംപൂർ സംഭവം; പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

ലഖിംപൂര് ഖേരി സംഭവത്തിൽ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. അജയ് മിശ്രയെ സംരക്ഷിക്കുകയാണ് കേന്ദ്ര സര്ക്കാര് എന്നാരോപിച്ച് പ്രതിപക്ഷ പാർട്ടി എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. രാജ്യ സഭയിലെയും ലോക് സഭയിലെയും പ്രതിപക്ഷ പാർട്ടികളിലെ ജനപ്രതിനിധികൾ വിജയ് ചൗക്കിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാരിനെ സഭയ്ക്ക് അകത്തും പുറത്തും നിന്നുകൊണ്ടുതന്നെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ആസൂത്രിതമായി ആണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ കർഷകരെ കൊന്നത് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ഉദ്ദരിച്ച് ആയിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

അതേസമയം, ഒരു വശത്ത് കർഷകരോട് മാപ്പ് ചോദിക്കുകയും മറു വശത്ത് കർഷകരെ കൊല്ലാനുള്ള ആയുധം മന്ത്രിസഭയിൽ സൂക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിൻറെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ പാർട്ടി കക്ഷി നേതാക്കൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നിയമം സഭാ ചട്ട വിരുദ്ധമാക്കി പാസാക്കിയ കേന്ദ്ര സർക്കാരിൻ്റെ നടപടിയെ സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി വിമർശിച്ചു.

ജമ്മു കശ്മീരിൽ സമരം ചെയ്യുന്ന സ്വന്തം പൗരന്മാരെ നേരിടാൻ പട്ടാളത്തെ ഇറക്കുകയാണ് കേന്ദ്ര സര്ക്കാര് ചെയ്യുന്നത് എന്ന് ബിനോയ് വിശ്വം എംപി ചൂണ്ടിക്കാട്ടി. പൗരൻ്റെ സ്വകാര്യത മൗലിക അവകാശമാണ് എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് എന്നും ഇത് ലംഘിക്കുന്ന കേന്ദ്ര സർക്കാരിന് ജനാധിപത്യം എന്ന് ഉച്ചരിക്കാൻ പോലും അവകാശം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വരും ദിവസങ്ങളിൽ സഭയ്ക്ക് പുറത്തും ലഖിംപൂർ ഖേരി ഉൾപ്പടെയുള്ള വിഷയങ്ങൾ ആളിക്കത്തിക്കാൻ ആണ് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി എടുത്ത തീരുമാനം. അജയ് മിശ്രയുടെ മകൻ കർഷകരെ കാർ കയറ്റി കൊന്നത് രാജ്യം മുഴുവൻ കണ്ടിട്ടും രാജ്യത്തെ മാധ്യമങ്ങൾ മൗനത്തിൽ ആണെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News