കുറുക്കൻമൂലയിൽ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജിതം

വയനാട് കുറുക്കൻമൂലയിൽ നാട്ടിലിറങ്ങിയ കടുവയ്ക്കായി വനം വകുപ്പ് തിരച്ചിൽ തുടരുന്നു. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കുറുക്കൻമൂലയോട് ചേർന്നുള്ള മുട്ടൻകരയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇന്നലെ മുഴുവൻ ഈ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

കടുവ നാട്ടിലിറങ്ങിയിട്ട് 24 ദിവസം പിന്നിടുകയാണ്. എന്നാൽ കഴിഞ്ഞ ആറ് ദിവസമായി കടുവ വളർത്തു മൃഗങ്ങളെ ആക്രമിച്ചിട്ടില്ല. ദിവസങ്ങളായി ബേഗുർ സംരക്ഷിത വനത്തിൽ ചെട്ടിപ്പറമ്പ്‌ ഭാഗത്താണ്‌ കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു.

കുങ്കി ആനകളുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. മുറിവേറ്റതിനാൽ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.കുറ്റിക്കാടുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ നീക്കിയും തിരച്ചിൽ നടക്കുന്നുണ്ട്‌.

ദിവസങ്ങളായി കടുവക്ക്‌ ഭക്ഷണവും ലഭിച്ചിട്ടുണ്ടാവില്ലെന്നാണ്‌ കരുതുന്നത്‌.ബേഗൂർ റേഞ്ചിലെ വിവിധയിടങ്ങളിൽ കടുവ സഞ്ചരിക്കുകയാണ്‌.എന്നാൽ സാന്നിദ്ധ്യം തിരിച്ചറിയുന്നു എന്നല്ലാതെ നേരിട്ട്‌ കാണാൻ വനപാലകർക്ക്‌ സാധിച്ചിട്ടില്ല.

കടുവ കടന്നുപോവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌. എല്ലാ ശ്രമങ്ങളും തുടരുമ്പോഴും കടുവ കാണാമറയത്ത്‌ തുടരുന്നത്‌ കുറുക്കൻ മൂലയേയും പരിസര പ്രദേശങ്ങളെയും വീണ്ടും ആശങ്കയിലാക്കുകയാണ്‌. കടുവ ഈ പ്രദേശത്ത്‌ തന്നെയുണ്ടെന്ന് വനം വകുപ്പ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.മയക്കുവെടിവെക്കാനുള്ള മൂന്ന് സംഘങ്ങൾ ഉൾപ്പെടെ 200 വനപാലകരാണ്‌ കടുവാ ദൗത്യത്തിൽ പങ്കെടുക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here