രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക നടപ്പിലാക്കാൻ കേന്ദ്ര ശ്രമം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക നടപ്പിലാക്കാനും കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം വിളിക്കും. അതേ സമയം ഒറ്റ വോട്ടർ പട്ടികക്കുള്ള നീക്കത്തെ പ്രതിപക്ഷം എതിർത്തു. സംസ്ഥാനങ്ങളുടെ അവകാശം കവർന്നെടുക്കുന്ന നീക്കമെന്ന്
നിയമ മന്ത്രാലയത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റിയിൽ പ്രതിപക്ഷം വിമർശിച്ചു.

ആധാറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി കഴിഞ്ഞ ദിവസം പാർലമെന്ററി ജനാധിപത്യത്തിന് വിരുദ്ധമായി ഇരു സഭകളിലും പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യത്ത് ഏക വോട്ടർ പട്ടിക നടപ്പിലാക്കാനുള്ള ശ്രമങ്ങളും മോദി സർക്കാർ തുടങ്ങിയത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ബിജെപി ലക്ഷ്യത്തിലേക്കെത്താനാണ് പുതിയ നീക്കങ്ങൾ.നിയമ നിർമ്മാണം നടത്താതെ,സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാർ മുഖേന ഏക വോട്ടർപട്ടിക നടപ്പിലാക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം ചേർന്ന നിയമ മന്ത്രാലയത്തിന്റെ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഏക വോട്ടർപട്ടിക സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ അവതരണം നടത്തി.

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാർലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുള്ള വോട്ടർപട്ടികയുടെ ചുമതല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

നിലവിൽ വ്യത്യസ്ത വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് ലോക്സഭ,നിയമസഭാ, പഞ്ചായത്തു തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഇത് അട്ടിമറിക്കുകയാണ് കേന്ദ്ര ലക്ഷ്യം.ഇത്തരത്തിൽ സംസ്ഥാനത്തിനുള്ള ഭരണഘടന അവകാശത്തെയാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

അതേ സമയം നിയമ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ്
കമ്മിറ്റിയിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉന്നയിച്ചു..ഒറ്റ വോട്ടർ പട്ടിക നടപ്പിലാക്കുന്നത് സംസ്ഥാന തിരഞ്ഞടുപ്പ് ഓഫീസർമാർക്ക് ഭരണഘടന നൽകുന്ന അവകാശത്തിൻമേലുള്ള കടന്നു കയറ്റമാണെന്നും പ്രതിപക്ഷം വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here