വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ നിന്നും കേരളം പുറത്തായി. ക്വാർട്ടർ ഫൈനലിൽ സർവീസസിനോട് ഏഴ് വിക്കറ്റിന് തോറ്റാണ് കേരളം പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 40.4 ഓവറിൽ 175 റൺസിന് പുറത്തായി. 30.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ സർവീസസ് ലക്ഷ്യം മറികടന്നു.
രവി ചൗഹാൻ (95), രജത് പലിവാൾ (പുറത്താകാതെ 65) എന്നിവരുടെ അർധ സെഞ്ചുറികളാണ് സർവീസസ് ജയം അനായാസമാക്കിയത്. കേരളത്തിനായി മനു കൃഷ്ണൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ കേരളത്തിനായി ഓപ്പണർ രോഹൻ എസ്. കുന്നുമൽ (85) ആണ് പൊരുതിയത്. വിനൂപ് മനോഹരൻ 41 റൺസ് നേടി. 161/5 എന്ന നിലയിൽ നിന്ന കേരളത്തിന് 14 റൺസ് ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു.
ക്യാപ്റ്റൻ സഞ്ജു സാംസൺ (2) ഒരിക്കൽ കൂടി പരാജയമായി. സച്ചിൻ ബേബി (12), മുഹമ്മദ് അസ്ഹറുദ്ദീൻ (7), ജലജ് സക്സേന (0), വിഷ്ണു വിനോദ് (4) എന്നിവരെല്ലാം പരാജയമായി. സർവീസസിനായി ദിവേഷ് പതാനിയ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.