ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം

ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. ഇതോടെ കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനം നിവാസികളുടെ ചിരകാല ആവശ്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വരുന്ന കാലവർഷത്തിനു മുമ്പായി കല്ലുകൾ വിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കാലവര്‍ഷങ്ങളില്‍ മാത്രമല്ല, വേലിയേറ്റത്തിലും പ്രകൃതിക്ഷോഭങ്ങളിലുമെല്ലാം കടലാക്രമണ ഭീഷണി നേരിടുന്നവരാണ് ചെല്ലാനം തീരദേശവാസികള്‍. കടല്‍ക്ഷോഭങ്ങളില്‍ നിന്നും രക്ഷനേടാന്‍ ശാശ്വത പരിഹാരം വേണമെന്നത് ഇവരുടെ ചിരകാല ആവശ്യമാണ്.

ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256.89 കോടി രൂപയുടെ ടെണ്ടറിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇത് സംബന്ധിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചു.

ചെല്ലാനം കടൽ തീരത്ത് 10 കി.മീറ്റർ നീളത്തിൽ ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തി പുനരുദ്ധാരണത്തിനായി  254.20 കോടി രൂപയുടേയും ബസാർ , കണ്ണമ്മാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമ്മാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തിക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.

വരുന്ന കാലവർഷത്തിനു മുമ്പായി കല്ലുകൾ വിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.  ചെല്ലാനത്തിന്‍റെ പ്രശ്ന പരിഹാരത്തിന് മുൻഗണന നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്ക് ജില്ലയുടെ ചുമതല കൂടിയുള്ള വ്യവസായ മന്ത്രി പി.രാജീവ് നന്ദി അറിയിച്ചു.

ഈ വർഷത്തെ പുതുക്കിയ ബജറ്റിൽ സംസ്ഥാനത്തെ തീരസംരക്ഷണത്തിനായി 1500 കോടി കിഫ്ബി വഴി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.

60 വർഷത്തോളം പഴക്കമുള്ള കടൽ ഭിത്തികളാണ് ഇവിടെയുള്ളത്. പല പ്രദേശങ്ങളിലും ഇത് തകർന്ന നിലയിലുമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിന് തുക അനുവദിച്ചതോടെ ശാശ്വതമായ പരിഹാരമാണ് ചെല്ലാനം നിവാസികള്‍ക്ക് ലഭിക്കുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here